കോഴിക്കോട് ; ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ കാര്‍ ഓടിച്ചു കയറ്റിയ യുവാവിനെ പിഴയീടാക്കി വിട്ടയച്ച പൊലീസ് നടപടി വിവാദത്തില്‍. സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് ഗോവ രാജ്ഭവന്‍ വ്യക്തമാക്കി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയാസ് നികിതാസാണ് ഗവര്‍ണറുടെ വാഹന വ്യൂഹത്തിനിടയിലേക്ക് കാറോടിച്ച് കയറിയത്.
ഞായറാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവം. മാറാട് സ്വകാര്യ ചടങ്ങ് കഴിഞ്ഞ് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങുകയായിരുന്നു. മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനില്‍ വെച്ച് ഗോവ ഗവര്‍ണറുടെ വാഹനം കടന്നുപോയ ഉടനെ കാര്‍ കയറുകയായിരുന്നു.
പിഴ ഈടാക്കിയ ചലാൻ
പിഴ ഈടാക്കിയ ചലാൻടിവി ദൃശ്യം
ഉടന്‍ തന്നെ സുരക്ഷാ വാഹനം നിര്‍ത്തി കാര്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരും യുവാവും തമ്മില്‍ പരസ്പരം കയര്‍ത്തു സംസാരിച്ചു. കാര്‍ പിന്നോട്ടെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ മുന്നോട്ടു പോകാന്‍ യുവാവ് ശ്രമിച്ചു. ഇതേത്തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിനോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
കാര്‍ പിന്നിലേക്ക് മാറ്റിയിട്ട ശേഷമാണ് ഗവര്‍ണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നുപോയത്. യുവാവിനെ കസബ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍ ജൂലിയസ് നികിതാസ് ആണെന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന് ട്രാഫിക് നിയമം ലംഘിച്ചതിന് ആയിരം രൂപ പിഴ ഈടാക്കി യുവാവിനെ വിട്ടയക്കുകയായിരുന്നു.