തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ ടിഡി സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു.
കേസില്‍ പ്രതിയായ അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ അന്വേഷണത്തിലുണ്ടായ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണിപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
നിലവില്‍ എറണാകുളം വാഴക്കുളം എസ്എച്ച്ഒ ആണ് സുനില്‍കുമാര്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.
സസ്പെന്‍ഷന് പുറമെ ടിഡി സുനില്‍കുമാറി നെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.
കോടതി വിധി വന്ന് ഒന്നര മാസത്തിനുശേ ഷമാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകാത്തതിനെ പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു.
എറണാകുളം റൂറല്‍ അഡീഷനല്‍ പൊലീസ് പൊലീസ് സൂപ്രണ്ടായിരിക്കും വകുപ്പുതല അന്വേഷണം നടത്തുക. അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.