തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ ചൂട് തുടരുകയാണ്. പലയിടത്തും ഉയർന്ന തോതിലാണ് ചൂട് അനുഭവപ്പെടുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ കാര്യമായ മഴ ലഭിക്കാതിരുന്നത് ഫെബ്രുവരിയിൽ ചൂട് തുടരാൻ കാരണമാകുന്നുണ്ട്. ഇടുക്കി മൂന്നാർ മേഖലകളിൽ ഒരാഴ്ച മുൻപ് വരെ തണുപ്പ് അനുഭവപ്പെട്ടിരുന്നുവെങ്കിലും ഈ ദിവസങ്ങളിൽ ചൂട് ഉയർന്ന തോതിലാണ്.
മാർച്ച് മുതലാണ് കേരളത്തിൽ ചൂട് ഉയർന്ന തോതിൽ രേഖപ്പെടുത്താൻ ആരംഭിക്കുക. വേനൽക്കാലം ഔദ്യോഗികമായി ആരംഭിക്കുന്നത് ഫെബ്രുവരി മാസത്തിലാണ്. എന്നാൽ ഫെബ്രുവരി ആദ്യത്തോടെ തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചൂട് ഉയരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞവർഷവും സംസ്ഥാനത്ത് സമാനമായ സാഹചര്യം നിലനിന്നിരുന്നു.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് ഉയരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്കുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. എന്നാൽ കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.