തിരുവനന്തപുരം: കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ വീണാ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്‌ഐഒ ഉദ്യോഗസ്ഥർ. വീണയ്ക്ക് ഉടൻ നോട്ടീസ് നൽകും. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണാ വിജയന്റെ എക്‌സാ ലോജിക് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വീണയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്.
വീണയെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന. നോട്ടീസ് നൽകുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ സിഎംആർഎൽ, കെഎസ്‌ഐസിഡി എന്നിവയുടെ കോർപ്പറേറ്റ് ഓഫീസുകളിൽ എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ വീണയെ ചോദ്യം ചെയ്യാനായിരുന്നു നീക്കം. എന്നാൽ ഇതിനിടെ എക്‌സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സിംഗിൾ ബെഞ്ച് മുൻപാകെയായിരുന്നു ഹർജി. ഇത് തള്ളിയതോടെ എക്‌സാലോജിക് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നാണ് സൂചന. ഇതിന് മുൻപ് തന്നെ വീണയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പരിശോധനയിൽ സിആർഎല്ലിൽ നിന്നും കെഎസ്‌ഐഡിസിയിൽ നിന്നും നിർണായക വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും വീണയെ ചോദ്യം ചെയ്യുക.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രിയുടെ തന്നെ മകൾ വിവാദത്തിലേർപ്പെട്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
നിലവിൽ നടക്കുന്ന കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വേട്ടയാണെന്ന് വരുത്തി തീർക്കാനായിരുന്നു നേരത്തെ സിപിഎമ്മിന്റെ ശ്രമം. എന്നാൽ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതോടെ
എക്‌സാലോജിൻ്റെയും വിണ വിജയൻറെയും ഉത്തരവാദിത്തം മാത്രമെന്ന നിലപാടിലാണിപ്പോൾ നേതൃത്വം.