ബംഗാളിൽ ഭരണത്തിനെതിരെ സ്ത്രീകളുടെ പ്രക്ഷോഭം, തൃണമൂൽ നേതാവിന്റെ കോഴി ഫാം അഗ്നിക്കിരയാക്കി


കൊൽക്കത്ത: ഭൂമി റേഷൻ കുംഭകോണത്തിൽ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിൽ പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി മേഖലയിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് ശിവപ്രസാദ് ഹസ്രയുടെ കോഴി ഫാമിന് തീയിട്ട് സ്ത്രീകളടങ്ങുന്ന ഗ്രാമവാസികൾ.

തങ്ങളുടെ കയ്യിൽ നിന്നും ഭൂമി അനുവാദമില്ലാതെ ത ശിവപ്രസാദ് ഹസ്ര കൈക്കലാക്കിയതിനെ തുടർന്നാണ് മറ്റു വഴികളൊന്നും ഇല്ലാതെ പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക് തിരിഞ്ഞത്.

ഭൂമി റേഷൻ കുംഭകോണത്തിൽ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സന്ദേശ് ഖാലി മേഖലയിലെ നിവാസികൾ, പ്രത്യേകിച്ച് സ്ത്രീകൾ, പ്രദേശത്തിന്റെ വിവിധ വിഭാഗങ്ങളിലൂടെ കൈയിൽ ചെരിപ്പും വഹിച്ചുകൊണ്ട് മാർച്ച് നടത്തിയത്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത് ശക്തമായ പോലീസ് സാനിധ്യം ഉണ്ടായിരുന്നുവെങ്കിലും പ്രക്ഷോഭകാരികൾ തൃണമൂൽ നേതാവ് ശിവപ്രസാദ് ഹസ്രയുടെ കോഴി ഫാമിന് തീയിടുകയായിരിന്നു

“സന്ദേശ്ഖാലിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലഭിച്ച എല്ലാ പരാതികളും വിശദമായി പരിശോധിച്ചുവരികയാണ്. വിഷയം അന്വേഷണത്തിലിരിക്കുന്നതിനാൽ ഇപ്പോൾ മൊഴിയെടുക്കുന്നത് ഉചിതമല്ല. പ്രദേശത്ത് മതിയായ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്, സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണത്തിലാണ്,” പശ്ചിമ ബംഗാളിലെ എഡിജി ലോ ആൻഡ് ഓർഡർ മനോജ് വർമ്മ പറഞ്ഞു.

അതെ സമയം ബംഗാളിൽ കഴിഞ്ഞ 12 വർഷമായുള്ള തൃണമൂൽ ഭരണത്തിന്റെ കീഴിൽ ജനം പൊറുതി മുട്ടിയിരിക്കുകയാണെന്നും, നാട്ടിൽ ഭരണഘടനയോ നിയമങ്ങളോ ഇല്ലാത്ത സ്ഥിതി വിശേഷമാണുള്ളതെന്നും അതിനാൽ തന്നെ ഗതികെട്ട ജനങ്ങൾ സ്വാഭാവികമായ പ്രതികരണം എന്ന നിലയിൽ പ്രക്ഷോഭത്തിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും ബംഗാളിലെ ബി ജെ പി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കി
أحدث أقدم