രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണത്തിൽ കാര്യമായ പ്രഖ്യാപനങ്ങളില്ല




രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണത്തിൽ കാര്യമായ പ്രഖ്യാപനങ്ങളില്ല. നികുതി ഘടനയിൽ മാറ്റമില്ലെന്നും നിലവിലെ രീതി തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നികുതി റീഫണ്ട് 10 ദിവസത്തിനകം. ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നികുതി നിരക്കുകളിൽ മാറ്റമില്ലാതെ തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

നികുതി റിട്ടേൺ സംവിധാനം ലളിതമാക്കിയെന്ന് ധനമന്ത്രി പറഞ്ഞു. ഏഴ് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല. ധനക്കമ്മി 5.1 ശതമാനമായി കുറയ്ക്കും. കോർപറേറ്റ് നികുതി 22%ആയി കുറച്ചെന്നും ഇടക്കാല ബജറ്റ്. ജി എസ് ടി നടപടികൾ ലഘൂകരിച്ചു. ജിഎസ്ടിയിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ നേട്ടമുണ്ടായി. ആദായ നികുതി റീ ഫണ്ട് ഇപ്പോൾ പത്ത് ദിവസത്തിനുള്ളിൽ നൽകാനാവുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.

ബജറ്റിൽ ആരോ​ഗ്യ രം​ഗത്തിന് വലിയ പ്രാധാന്യം നൽകുന്നു. കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിന് വാക്‌സിൻ ലഭ്യമാക്കും. ഗർഭിണികൾക്കും ശിശുക്കൾക്കും പുതിയ പദ്ധതി ആവിഷ്‌കരിക്കും. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആശ വർക്കർമാരെ ഉൾപ്പെടുത്തി.

മെട്രോ റെയിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മൂന്ന് പുതിയ റയിൽവേ ഇടനാഴി തുറക്കും. 40,000 ബോഗികൾ വന്ദേഭാരത് നിലവാരത്തിലാക്കും. ബയോഗ്യാസ് പ്രകൃതി വാതകമാക്കി ഗതാഗതത്തിന് ഉപയുക്തമാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.



മൂന്ന് പുതിയ വിമാനത്താവളങ്ങളും 1000 പുതിയ വിമാന സർവീസും ആരംഭിക്കുമെന്ന് പറഞ്ഞ ധനമന്ത്രി വ്യോമയാന മേഖലയിൽ 570 പുതിയ റൂട്ടുകൾ ആരംഭിക്കുമെന്നും യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്നും വ്യക്തമാക്കി. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകും. സംസ്ഥാനങ്ങൾക്ക് ഇലക്ട്രോണിക് ഉത്പാദന കേന്ദ്രങ്ങൾ തുടങ്ങാൻ സഹായം നൽകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.


ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലോണുകള്‍ അനുവദിക്കുന്നതിലൂടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ക്ഷീര കർഷകർക്ക് പ്രോത്സാഹനവുമായി കേന്ദ്ര സർക്കാർ. ക്ഷീരോത്പാദനം വർധിപ്പിക്കാൻ കർഷകർക്കായി വൻ പദ്ധതികളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

പി എം മത്സ്യസമ്പദ് യോജന തീരമേഖലയിൽ വലിയ മാറ്റംകൊണ്ടുവന്നു. അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാർക്കുകൽ യാഥാർഥ്യമാക്കുമെന്നും മത്സ്യ കയറ്റുമതിയിൽ വലിയ നേട്ടം ഉണ്ടായെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യകയറ്റുമതി ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പറഞ്ഞ നിർമല സീതാരാമൻ വിപണി ബന്ധിത വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും കൂട്ടിച്ചേർത്തു.
أحدث أقدم