ആലപ്പുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ പിടിയിൽ…


 
അമ്പലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. പുന്നപ്ര തെക്ക് വില്ലേജിൽ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻ്റും, ഫീൽഡ് അസിസ്റ്റൻ്റും ആണ് വിജിലൻസ് പിടിയിൽ ആയത്. വില്ലേജ് അസിസ്റ്റൻ്റ് ആലപ്പുഴ കാളാത്ത് ചിറയിൽ വീട്ടിൽ വിനോദ് ,ഫീൽഡ് അസിസ്റ്റൻ്റ് പുന്നപ്ര തെക്കു പഞ്ചായത്ത് നടുവിലെ പറമ്പുവീട്ടിൽ അശോക് കുമാർ എന്നിവരെ ആണ് ആലപ്പുഴ വിജിലൻസ് ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടിയത്.

പുന്നപ്ര സ്വദേശിയുടെ കൈയ്യിൽ നിന്നും വസ്തു തരം മാറ്റാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു പിടികൂടിയത്. വസ്തു തരം മാറ്റുന്നതിനായി പുന്നപ്ര സ്വദേശിയായ ഹാഷിം പുന്നപ്ര വില്ലേജ് ഓഫീസിൽ സമീപിക്കുകയും,വിനോദ് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഹാഷിം ആലപ്പുഴ വിജിലൻസ് ഓഫീസിൽ പരാതി നൽകി. പരാതിക്കാരൻ നൽകാൻ കൊണ്ടുവന്ന നോട്ടുകളിൽ ഫിനോൾഫത്തലിൻ പൗഡർ പുരട്ടി നൽകി. ഉച്ചയ്ക്ക് 3: 30ഓടെ ഹാഷിം ഈ നോട്ടുകളുമായി പുന്നപ്ര വില്ലേജ് ഓഫീസിൽ ചെല്ലുകയും, പണം കൈമാറുന്ന സമയത്ത് വിജിലൻസ് പിടികൂടുകയുമായിരുന്നു. അറസ്റ്റു ചെയ്ത ഇരുവരേയും നാളെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഇരുവരും വസ്തുതരം മാറ്റുന്നതിനും, ലൊക്കേഷൻ സ്കെച്ച് തുടങ്ങിയവക്കായി നിരവധി പേരിൽ നിന്നും പണം വാങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇൻസ്പെക്ടർമാരായ പ്രശാന്ത് കുമാർ എം.കെ.രാജേഷ് കുമാർ.ആർ. ജിംസ്റ്റൽ, എ.എസ്.ഐ ബസന്ത് , ജയലാൽ, ശ്യാം , സനൽ , രഞ്ജിത്, സമീഷ്, സുദീപ്, ലിജു, സുരേഷ് ബാബു എന്നിവർ ടീമിലുണ്ടായിരുന്നു.
أحدث أقدم