മുള്ളൻപന്നിയെ പിടികൂടി കറിവച്ചു.. ആയുർവേദ ഡോക്ടർ പിടിയിൽ


 
കൊല്ലം: വാളകത്ത് വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ കറിവച്ച ആയുർവേദ ഡോക്ടറെ വനപാലകർ പിടികൂടി. കൊട്ടാരക്കര വാളകം സ്വദേശിയായ ഡോക്ടര്‍ പി.ബാജിയയാണ് പിടിയിലായത്. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും അഞ്ചലിലെ വനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വെറ്റില വിൽക്കാനായി പുലർച്ചെ കൊട്ടാരക്കരയിലേക്കു പോകുമ്പോഴാണ് ഡോക്ടർ ഓടിച്ച വാഹനം മുള്ളൻപന്നിയെ ഇടിച്ചത്. വാളകം മേഴ്സി ആശുപത്രിക്കു സമീപത്തു വച്ചായിരുന്നു സംഭവം. പുറത്തിറങ്ങിയ ഡോക്ടർ മുള്ളൻപന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ചു. പിന്നീട് കറിവയ്ക്കുകയായിരുന്നു.

അഞ്ചൽ വനം റേഞ്ച് ഓഫിസർ അജികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മുള്ളൻപന്നിയെ കറിവച്ചതായി കണ്ടെത്തിയത്. ഡോക്ടറുടെ വീട്ടിൽ പരിശോധനയ്ക്കായി എത്തുമ്പോൾ അടുപ്പിൽ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നുവെന്ന് വനപാലർ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്ന് കണ്ടെത്തി.
أحدث أقدم