മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു.



മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. 86 വയസായിരുന്നു.

മഹാരാഷ്‌ട്രയിലെ മഹദിൽ 1937 ഡിസംബർ രണ്ടിനായിരുന്നു മനോഹർ ജോഷിയുടെ ജനനം. മുംബൈയിലെ വീരമാതാ ജീജാഭായി ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (VJTI) നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെ രാഷ്‌ട്രീയത്തിലേക്ക് കടന്ന ജോഷി പിന്നീട് ശിവസേനയിൽ അംഗമായി. അദ്ദേഹത്തിന്റെ സംഘടനാ വൈദഗ്ധ്യം പേരുകേട്ടതോടെ 1980കളിൽ ശിവസേനയുടെ പ്രധാന നേതാക്കളിലൊരാളായി മാറി.

1995ലാണ് ജോഷി മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്ത് ആദ്യമായി ശിവസേന സർക്കാർ അധികാരത്തിലെത്തുന്നത് ജോഷിയിലൂടെയായിരുന്നു. ശരദ് പവാർ നയിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തോൽപ്പിച്ചായിരുന്നു ജോഷി സർക്കാരിന്റെ കടന്നുവരവ്. എംപിയായും ലോക്സഭാ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. വാജ്പേയി സർക്കാരിന്റെ കാലത്ത് 2002 മുതൽ 2004 വരെയായിരുന്നു സ്പീക്കറായത്.
أحدث أقدم