തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണു. കടലിൽ വീണവരെയെല്ലാം രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വർക്കലയിലെ പാപനാശം തീരത്തായാണ് തിരമാലകളുടെ ചലനത്തിനൊപ്പം കടലിനു മുകളിലൂടെ 100 മീറ്റർ സഞ്ചരിക്കാവുന്ന ബ്രിഡ്ജ് നിർമിച്ചിരുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ മേൽനോട്ടത്തിൽ സ്വകാര്യ സംരംഭകരാണ് പാലം നിർമിച്ചത്.
100 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള പാലത്തിൽ നിരവധി സഞ്ചാരികളുണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്. പുതുവത്സര ദിനത്തിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്.