തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവ് എവിടെയെന്ന് ഹര്‍ജിക്കാരനോട് കോടതി. ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കൃത്യമായ തെളിവ് വേണം. ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും തെളിവും പരാതിക്കാരന് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. പൊതു പ്രവര്‍ത്തകനായ കവടിയാര്‍ സ്വദേശി എഎച്ച് ഹാഫിസ് ആണ് ഹര്‍ജി നല്‍കിയത്.
കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വിഡി സതീശന്‍ അന്യ സംസ്ഥാന ലോബികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതായി പിവി അന്‍വര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹഫീസ് വിജിലന്‍സ് ഡയറകര്‍ക്ക് പരാതി നല്‍കിയിരുന്നു.എന്നാല്‍ നിയമസഭയില്‍ നടത്തിയ ആരോപണത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിലപാടെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
ഈ വിഷയത്തില്‍ മറ്റെവിടെയെങ്കിലും പരാതി നല്‍കിയിട്ടുണ്ടോയെന്ന് ഹര്‍ജിക്കാരനോട് തിരുവനന്തപുരം വിജിലന്‍സ് കോടതി ചോദിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായി പരാതിക്കാരന്‍ വ്യക്തമാക്കി. തുടര്‍ന്ന് പരാതിയുടെ നിജസ്ഥിതിയും. പരാതിയിന്മേല്‍ സ്വകരിച്ച നടപടിയും അറിയിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് ഏപ്രില്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐടി മേഖലയില്‍ ഉണ്ടാകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും പി വി അന്‍വര്‍ സഭയിൽ ആരോപണം ഉന്നയിച്ചിരുന്നു.