തിരുവല്ല : ഭിന്നശേഷിക്കാരനായ 16കാരന് സ്പെഷ്യൽ സ്കൂളിൽ വെച്ച് മര്‍ദനമേറ്റ സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ കേസെടുത്തു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ 16കാരനാണ് ക്രൂരമർദനത്തിന് ഇരയായത്. തിരുവനന്തപുരം വെള്ളറട സ്നേഹഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവർക്കെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.
ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു. ദേഹമാസകലം മർദനമേറ്റ പാടുകളുമായാണ് വിദ്യാർഥിയെ ആശുപത്രിയിൽ എത്തിയത്. വിദ്യാർഥിയെ ചികിത്സിച്ച ഡോക്ടറാണ് പൊലീസിനെയും ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചത്.
2023 ജൂണിലാണ് കുട്ടിയെ വെള്ളറടയിലെ സ്പെഷ്യൽ സ്കൂളിൽ ചേർത്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിലേക്ക് കൊണ്ടുവന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു. അപ്പോഴാണ് ദേഹത്തെ പാടുകൾ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ചികിത്സ തേടി. ക്രൂരമായ മർദനത്തിനാണ് കുട്ടി ഇരയായതെന്ന് ഡോക്ടറും സ്ഥിരീകരിച്ചു.