'തൃശ്ശൂർ എടുക്കും, എടുത്തിരിക്കും, ജൂൺ 4ന് തൃശ്ശൂരിൽ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നത്': സുരേഷ് ​ഗോപി

 


തൃശ്ശൂർ: തൃശ്ശൂർ എടുത്തിരിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. ജൂൺ 4 ന് തൃശ്ശൂരിൽ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും തൃശ്ശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും ഇരിങ്ങാലക്കുടയിലെ പൊതുപരിപാടിയിൽ സുരേഷ് ​ഗോപി പറഞ്ഞു. തൃശ്ശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നതെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു. 

അതേ സമയം, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്ന പരാതിയിൽ സുരേഷ് ഗോപിയിൽ നിന്നും ജില്ലാ കലക്ടർ വിശദീകരണം തേടിയിരുന്നു. വോട്ട് അഭ്യർത്ഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിന്റിംഗ് വിവരങ്ങൾ ഇല്ലെന്ന എൽഡിഎഫിന്റെ പരാതിയിൽ ആണ് വിശദീകരണം തേടിയത്. രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥി വിശദീകരണം നൽകണമെന്നാണ് നിർദേശം. 

സുരേഷ്‌ ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയിലാണ് വിശദീകരണം തേടിയത്. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്. സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയില്‍ അവശ്യം വേണ്ട പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതി. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് സ്ഥാനാര്‍ത്ഥിയോട് വിശദീകരണം തേടിയിട്ടുള്ളത്. 

أحدث أقدم