മോസ്‌കോയില്‍ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം, സ്‌ഫോടനത്തില്‍ കെട്ടിടത്തിന് തീപിടിച്ചു; 60ലേറെ പേര്‍ കൊല്ലപ്പെട്ടു


മോസ്‌കോ: റഷ്യയിലെ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിലും ബോംബാക്രമണത്തിലും 60ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ക്രോക്കസ് സിറ്റി ഹാളിലാണ് അക്രമണമുണ്ടായത്.

തോക്കുമായി എത്തിയ അഞ്ചംഗ അക്രമി സംഘം സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ ബോംബ് എറിയുകയും ചെയ്തു. രണ്ട് തവണയുണ്ടായ സ്‌ഫോടനത്തില്‍ വന്‍ തീപിടുത്തമുണ്ടായി. തീപടര്‍ന്ന് ഹാളിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു. തീപടര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഭീകരാക്രമണമാണ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.


സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികള്‍ എത്തിയത്. ഇവരില്‍ ചിലര്‍ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. അക്രമികള്‍ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തുടര്‍ച്ചയായി അഞ്ചാം തവണ പുടിന്‍ റഷ്യന്‍ പ്രസിഡന്റായി അധികാരമാറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് ആക്രമണം നടന്നത്.
أحدث أقدم