വിവാദ സ്വാമി സന്തോഷ് മാധവന്‍ (50) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വയം സന്യാസപരിവേഷം ചാര്‍ത്തിയ സന്തോഷ് മാധവന്‍ ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് സന്തോഷ് മാധവന്‍ ജീവിച്ചിരുന്നത്.
കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറില്‍ പാറായിച്ചിറയില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ നിന്നും പത്താം ക്ലാസ് പാസായി. പിന്നീട് നാടുവിടുകയായിരുന്നു. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തില്‍ ശാന്തിക്കാരനായി. ഇത് ജീവിതത്തില്‍ വഴിത്തിരിവായി.
സ്വാമി അമൃതചൈതന്യ എന്ന പേരില്‍ ആത്മീയ ജീവിതം നയിച്ച് വന്നിരുന്ന ഇദ്ദേഹത്തെ 40 ലക്ഷം രൂപ തട്ടിയെന്ന ദുബായ് ബിസിനസുകാരി സെറഫിന്‍ എഡ്വിന്‍ 2008 ല്‍ നല്‍കിയ പരാതിയിലൂടെയാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകള്‍ പുറംലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയതിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
2009 മേയ് 20-ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സന്തോഷ് മാധവനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഠിപ്പിച്ചു എന്ന കേസില്‍ 16 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വര്‍ഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. ഇയാളുടെ ഫ്‌ലാറ്റ് പരിശോധിച്ചപ്പോള്‍ കടുവത്തോല്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വനസംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.