കേരള സർക്കാരിൻ്റെ ഒടിടി പ്ലാറ്റ് ഫോമിൽ ഇനി സിനിമ കാണാം; പണം നൽകേണ്ടത് കാണുന്ന സിനിമയ്ക്ക് മാത്രം



തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനൊരുങ്ങി കേരളം. സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം ആയ 'സി സ്‌പേസ്' മാർച്ച് ഏഴിന് രാവിലെ 9.30ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്‌പേസിലൂടെ സാധ്യമാക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനുമായ ഷാജി എൻ. കരുൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെഎസ്എഫ്ഡിസിക്കാണ് സി സ്‌പേസിന്റെ നിർവ്വഹണച്ചുമതല. സി സ്‌പേസിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ചലച്ചിത്രപ്രവർത്തകരായ സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി ഉഷ, ബെന്യാമിൻ എന്നിവരടങ്ങുന്ന 60 പേരുടെ ഒരു ക്യൂറേറ്റർ സമിതി കെ.എസ്.എഫ്.ഡി.സി. രൂപീകരിച്ചിട്ടുണ്ട്. സി സ്‌പേസിലേക്ക് സമർപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്‌കാരികവുമായ മൂല്യം സമിതി വിലയിരുത്തും. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുകയുള്ളൂ.

സി സ്‌പേസിന്റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകൾ ക്യൂറേറ്റർമാർ തെരഞ്ഞെടുത്തതായി ഷാജി എൻ കരുൺ പറഞ്ഞു. ദേശീയ-സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയതോ പ്രശസ്ത ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചതോ ആയ സിനിമകളും ഇതിലുണ്ടാകും. നിരവധി പുരസ്‌കാരങ്ങൾ നേടിയ 'നിഷിദ്ധോ', 'ബി 32 മുതൽ 44 വരെ' എന്നീ സിനിമകൾ സി സ്‌പേസ് വഴി പ്രീമിയർ ചെയ്യും.

ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്‌പേസിന്റെ മുഖമുദ്ര. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സി സ്‌പേസിൽ 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാനും ഷോർട്ട് ഫിലിമുകൾ വളരെ കുറഞ്ഞ വിലയ്ക്ക് കാണാനും അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി തുക ഉള്ളടക്ക ദാതാവിന് ലഭിക്കും.

നിർമാതാക്കൾ സിനിമകൾ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്നതു മൂലം തിയേറ്റർ ഉടമ സ്ഥർക്കും വിതരണക്കാർക്കും ലാഭം കുറയുന്നുവെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ഇത് ഉൾക്കൊണ്ട് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം പ്രദർശിപ്പിക്കാനാണ് സി സ്‌പേസ് തീ രുമാനിച്ചിട്ടുള്ളതെന്നും കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർ കെ.വി അബ്ദുൾ മാലിക് പറഞ്ഞു.

ക്യൂറേറ്റർമാർ നിർദേശിക്കുന്ന ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, പരീക്ഷണ സിനിമകൾ എന്നിവ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും. സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനായി നിശ്ചിത തുക നീക്കിവെക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്. നിർമ്മാതാക്കൾക്ക് അവരുടെ സിനിമകൾ കാണുന്ന പ്രേക്ഷകരുടെ പിന്തുണയിലൂടെ നിർമ്മാണച്ചെലവ് തിരിച്ചുപിടിക്കാനുള്ള അവസരം നൽകിക്കൊണ്ട് ക്രൗഡ് ഫണ്ടിംഗിൽ ഒരു പുതിയ സമ്പ്രദായം ആരംഭിക്കാനും സി സ്‌പേസ് ഉദ്ദേശിക്കുന്നു.

أحدث أقدم