ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 39 സീറ്റുകളാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ 16 സീറ്റിലും സ്ഥാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് രാഹുല്‍ ഗാന്ധിയും തൃശൂരില്‍ കെ മുരളീധരനും മത്സരിക്കും. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍, തൃശൂരില്‍ കെ മുരളീധരന്‍, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, എറണാകുളം ഹൈബി ഈഡന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, കണ്ണൂര്‍ കെ സുധാകരന്‍, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വടകരയില്‍ ഷാഫി പറമ്പില്‍, ആറ്റിങ്ങല്‍ അടൂര്‍പ്രകാശ്, പത്തനംതിട്ട ആന്റോ ആന്റണി, ചാലക്കുടി ബെന്നിബെഹന്നാന്‍, വയനാട് രാഹുല്‍ ഗാന്ധി, കോഴിക്കോട് എം കെ രാഘവന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, തിരുവനന്തപുരം ശശിതരൂര്‍ എന്നിവര്‍ മത്സരിക്കും.
അധികാരത്തില്‍ വന്നാല്‍ 30 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. കര്‍ണാടക ഉള്‍പ്പെടെ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിച്ച മാതൃക ഉയര്‍ത്തിക്കാട്ടിയാണ് വേണുഗോപാല്‍ ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 15 പേര്‍ ജനറല്‍ വിഭാഗത്തില്‍ നിന്നാണ്. ശേഷിക്കുന്ന 24 പേര്‍ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുമാണ്.
വ്യാഴാഴ്ച രാത്രി എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയ്ക്ക് രൂപം നല്‍കിയത്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഡി കെ ശിവകുമാര്‍, കേരളത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് ചൗധരി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.