തിരുവനന്തപുരം : കല്‍പ്പറ്റ പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സന്ദര്‍ശനം നടത്തി. പുലര്‍ച്ചെ ആറരയോടെയായിരുന്നു സന്ദര്‍ശനം. സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശുമായി സംസാരിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചു.
കേരളത്തിലെ മറ്റൊരു വിദ്യാര്‍ത്ഥിക്കും ഇനി ഇത്തരമൊരു അനുഭവമുണ്ടാകരുത്. ഈ കുടുംബത്തോടൊപ്പം എല്ലായിപ്പോഴും താനുണ്ടാകും. ഏതു വിധത്തിലുള്ള സഹായവും തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും സുരേഷ് ഗോപി വീട്ടുകാരെ അറിയിച്ചു.
സിദ്ധാർത്ഥന്റെ മരണം ദാരുണമാണ്. പ്രതികളും ക്രൂരമായി ശിക്ഷിക്കപ്പെടണം. ആഘാതമേറ്റത് സിദ്ധാർത്ഥന്റെ കുടുംബത്തിന് മാത്രമല്ല, മക്കളുള്ള എല്ലാവർക്കുമാണ്. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം. സംഭവം സിബിഐ അന്വേഷിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സിദ്ധാർത്ഥന്റെ വീട്ടിലെത്തിയിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്‌ജിയുടെ സേവനം ഗവര്‍ണര്‍ തേടിയിരിക്കുകയാണ്.