ഇടുക്കി : കരിമ്പന് സമീപം കുട്ടപ്പൻ സിറ്റിയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കരിമ്പൻ കുട്ടപ്പൻ സിറ്റി സ്വദേശി കൊടികുത്തിയാനിക്കൽ ഈപ്പച്ചന്റെ മകൻ ഷെറിനാണ്(26) വെട്ടേറ്റത്. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ അയൽവാസി എഴുപറയിൽ സണ്ണിയെ ഇടുക്കി പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഒരു വർഷക്കാലമായി ഇരുവരും തമ്മിൽ അതിർത്തി തർക്കങ്ങൾ നിലനിന്നിരുന്നു. രാത്രി വാക്കത്തിയുമായി ഈപ്പച്ചന്റെ വീടിന്റെ സമീപത്ത് കറങ്ങി നടന്ന സണ്ണിയും ഈപ്പച്ചനും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. ഇതുകണ്ട് തടസം പിടിക്കാൻ എത്തിയ ഈപ്പച്ചന്റെ മകൻ ഷെറിനെ സണ്ണി വെട്ടിപരിക്കേൽപ്പിക്കുകയിരുന്നു. തലയ്ക്കും ഷോൾഡറിലും നിരവധി വെട്ടേറ്റ ഷെറിനെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഇടുക്കി പോലീസ് അന്വേഷണം ആരംഭിച്ചു.