തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും പരാതിയില്‍ പറയുന്നു. പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടലംഘനം നടത്തിയത്. നിരോധിത സംഘടനയായ പിഎഫ്‌ഐ നടത്തിയ അക്രമാസക്തമായ പൊതുമുതല്‍ നശിപ്പിക്കല്‍ കേസുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍, ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാത്തതു പക്ഷപാതിത്വമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ ഈ വിഷയത്തില്‍ ഇടപെടേണ്ടതായിരുന്നു എന്നും രാജേഷ് പ്രതികരിച്ചു.
രാജീവ് ചന്ദ്രശേഖരന്‍ പൊഴിയൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച പരാതി പരിഹരിക്കുക മാത്രമാണ് ചെയ്തത്. ഇതിനെതിരെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. പരാതി ദിവസങ്ങള്‍ക്കകം പരിഹരിച്ചത് ആണോ അദ്ദേഹം ചെയ്ത കുറ്റമെന്നും രാജേഷ് ചോദിച്ചു.