മാണ്ഡ്യയില്‍ എച്ച് ഡി കുമാരസ്വാമി എന്‍ഡിഎ സ്ഥാനാര്‍ത്ഥി; കോലാറില്‍ മല്ലേഷ് ബാബു





ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ ജനതാദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് കുമാരസ്വാമിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

ജെഡിഎസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റാണ് കുമാരസ്വാമി. ജനങ്ങളുടെ ആഗ്രഹം മാനിച്ചാണ് കുമാരസ്വാമിയെ മത്സരിപ്പിക്കുന്നതെന്ന് ദേവഗൗഡ പറഞ്ഞു. സിറ്റിങ് എംപിയായ സുമലതയെ തഴഞ്ഞാണ് മാണ്ഡ്യ സീറ്റ് ബിജെപി സഖ്യകക്ഷിയായ ജെഡിഎസിന് നല്‍കിയത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി മത്സരിച്ചിരുന്നെങ്കിലും സുമലത അംബരീഷിനോട് പരാജയപ്പെടുകയായിരുന്നു. സ്റ്റാര്‍ ചന്ദ്രു എന്നറിയപ്പെടുന്ന വെങ്കിട്ടരാമ ഗൗഡയെയാണ് കോണ്‍ഗ്രസ് മാണ്ഡ്യയില്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്.

ബിജെപിയില്‍ നിന്നും വാങ്ങിയെടുത്ത കോലാര്‍ മണ്ഡലത്തില്‍ മുതിര്‍ന്ന ജെഡിഎസ് നേതാവ് മല്ലേഷ് ബാബു മത്സരിക്കുമെന്ന് ദേവഗൗഡ പറഞ്ഞു. ദേവഗൗഡയുടെ ചെറുമകനും മുന്‍ മന്ത്രി എച്ച് രേവണ്ണയുടെ മകനുമായ പ്രജ്വല്‍ രേവണ്ണ ഹാസനില്‍ മത്സരിക്കും.
أحدث أقدم