തിരുവനന്തപുരം: ഡോ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ ആരോപണ വിധേയയായ കലാമണ്ഡലം സത്യഭാമ ബിജെപി അംഗമാണെന്ന് വാദിച്ച് സോഷ്യൽ മീഡിയ. 2019ൽ അംഗത്വം സ്വീകരിച്ചതായി ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ് ചൂണ്ടിക്കാണിച്ചാണ് സോഷ്യൽ മീഡിയ വാദം. എന്നാൽ ഈ പോസ്റ്റ് ബിജെപി മുക്കിയതായാണ് ആക്ഷേപം. ബിജെപി മുക്കിയ ഈ പോസ്റ്റ് പൊടി തട്ടി എടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. മുൻ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീധരൻ പിള്ളയുടെ കയ്യിൽ നിന്ന് സത്യഭാമ അംഗത്വം സ്വീകരിക്കുന്നതാണ് പോസ്റ്റിൻ്റെ ഉള്ളടക്കം. സത്യഭാമ അംഗത്വം സ്വീകരിക്കുന്ന പോസ്റ്റും ഫോട്ടോയുമാണ് പ്രചരിക്കുന്നത്.
എന്നാൽ പ്രചരിക്കുന്നത് വെറും ഫോട്ടോ ഷോപ്പ് ആണെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചതെങ്കിലും ഇതിൻ്റെ വീഡിയോ സഹിതം തെളിവ് പുറത്ത് വന്നത് ബിജെപിയെ പ്രതിരോധത്തിലാക്കി. മാത്രമല്ല ബിജെപിയുടെ ശബരിമല നിരാഹാര സമരപ്പന്തലിലും സത്യഭാമ സജീവമായി ഉണ്ടായിരുന്നു. ഈ ചിത്രങ്ങളും ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.