ബന്ധം വഷളാകുന്നു; ഇന്ത്യൻ ഉദ്യോഗസ്ഥരും സേനയും ഉടൻ രാജ്യം വിടണമെന്ന് മാലദ്വീപ് പ്രസിഡന്റ്



മാലദ്വീപ് : ചൈനയുമായി പ്രതിരോധ ഉടമ്പടി രൂപീകരിച്ചതിന് പിന്നാലെ ഇന്ത്യൻ സൈന്യത്തോടും ഉദ്യോഗസ്ഥരോടും മെയ് 10 നുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയിസു. സമയപരിധിക്ക് ശേഷം സൈന്യത്തിന്റെ ഭാഗമായവർ സൈനികവേഷത്തിലോ സിവിലിയൻ വേഷത്തിലോ രാജ്യത്തുണ്ടാകരുതെന്നും പ്രസിഡന്റ് പറഞ്ഞു. 2023ൽ മുഹമ്മദ് മുയിസു അധികാരത്തിലേറിയതിന് പിന്നാലെ കനത്ത ഇന്ത്യാവിരുദ്ധ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. തന്ത്രപരമായി ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലദ്വീപ്. ഈ പ്രദേശത്ത് നിന്നും ഇന്ത്യൻ സൈന്യത്തെ പിരിച്ചുവിടുന്നത് ഇന്ത്യയ്ക്ക് സുരക്ഷാഭീഷണിയായി കണക്കാക്കുന്നുണ്ട്. ചൈനയുമായി സൈനിക കരാറുണ്ടാക്കിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധ നിലപാട് കടുപ്പിച്ചിരിക്കുകയാണ് മൊയിസു. ഇരുരാജ്യങ്ങളുടെയും ഉടമ്പടി പ്രകാരം ഇന്ത്യൻ സൈന്യത്തിന് മാലദ്വീപിൽ നിന്ന് മടങ്ങാൻ മെയ്‌ പത്ത് വരെയാണ് സമയം അനുവദിച്ചിരുന്നത്.

ഫെബ്രുവരി 2 ന് ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം, മാലദ്വീപിലെ മൂന്ന് വ്യോമയാന പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന തങ്ങളുടെ സൈനികരെ മെയ് 10 നകം ഇന്ത്യ മാറ്റുമെന്നും നടപടിക്രമത്തിന്റെ ആദ്യ ഘട്ടം ഇന്ത്യ ഉടൻ നടത്തണമെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു. ഏറെ വർഷങ്ങളായി രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും ഉപയോഗിച്ച് ഇന്ത്യൻ സൈന്യം മാലദ്വീപിലെ ജനതയ്ക്ക് മെഡിക്കൽ ഇവാക്യുവേഷനും മറ്റ് സഹായങ്ങളും തുടർന്നുവന്നിരുന്നു. ഈ സഹായങ്ങൾ നൽകാനായി ഉപയോഗിക്കുന്ന മൂന്ന് ഏവിയേഷൻ പ്ലാറ്റ്ഫോമുകളിലായി 88ഓളം ഇന്ത്യൻ സൈനികരാണ് സേവനമനുഷ്ഠിച്ചിരുന്നത്. ഇതെത്തുടർന്ന് മാലദ്വീപിൽ വൈമാനികരായ സിവിലിയന്മാർ എത്തിയതിന് പിന്നാലെയാണ് മുഹമ്മദ് മുയിസുവിന്റെ പ്രസ്താവന.

അതേസമയം ഇന്ത്യൻ സൈന്യത്തെ പുറത്താക്കുന്ന തന്റെ നിലപാടിനെ വളച്ചൊടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സാധാരണക്കാരുടെ വേഷത്തിൽ തിരികെ വന്ന ഇന്ത്യൻ സൈന്യം വ്യാജപ്രചരണങ്ങൾ നടത്തുകയാണെന്നും മൊയിസു കൂട്ടിച്ചേർത്തു. വൈമാനികരായ പൗരന്മാരെ നിർത്തിക്കൊണ്ട് സൈന്യത്തെ മാലദ്വീപിൽ നിന്നും പിന്തിരിപ്പിക്കാം എന്ന നിലപാടിലാണ് ഇന്ത്യ. എന്നാൽ ഇവർ ഇന്ത്യൻ പൗരന്മാരല്ല മറിച്ച് ഇന്ത്യൻ സൈന്യത്തിലെ യൂണിഫോമിടാത്ത ഉദ്ദ്യോഗസ്ഥരാണെന്നും അവരെ തിരിച്ചറിയാൻ മാലദ്വീപ് ഭരണകൂടത്തിന് യാതൊരു മാർഗവുമില്ലെന്ന് മാലദ്വീപിലെ പ്രതിപക്ഷം വിമർശിക്കുന്നു.

അടിയന്തര ഒഴിപ്പിക്കൽ സാഹചര്യങ്ങളിൽ സഹായത്തിന് ശ്രീലങ്കയുമായി മാലദ്വീപ് ബന്ധമുണ്ടാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധം എല്ലാതരത്തിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊയിസു. 
أحدث أقدم