പ്രതികൾ രണ്ടു പേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് സൂചന. അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് സൂചന ലഭിച്ചത്. പൊലീസ് ഇക്കാര്യം നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. വിഷ്ണുവിന്റെ വീട്ടിലെത്തിയ പൊലീസ് അമ്മയെയും സഹോദരിയെയും പൂട്ടിയിട്ടതായി കണ്ടെത്തി. വീടു പരിശോധിച്ചപ്പോൾ ദുർമന്ത്രവാദ ത്തിന്റെയും ആഭിചാര ക്രിയകളുടെയും തെളിവുകൾ പൊലീസിനു ലഭിച്ചതായും വിവരമുണ്ട്.
പ്രതികളിൽ ഒരാൾ വാടകയ്ക്ക് താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിലെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. മോഷണക്കേസിൽ പിടിയിലായ യുവാക്കളിൽ പരുക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലും മറ്റൊരാൾ റിമാൻഡിലുമാണ്. പൂജാരി കൂടിയായ നിതീഷാണ് ഇരു കൊലപാതകങ്ങളും നടത്തിയതെന്നാണ് സൂചന. സംഭവത്തിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. സംഭവത്തിന് നരബലിയുമായി ബന്ധമുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് ഇക്കാര്യവും പരിശോധിക്കുന്നുണ്ട്.