ഒരുവർഷമായി എവിടെ പോയാലും യൂണിഫോമിൽ; വിവാഹ നിശ്ചയത്തിന് എത്തിയതും കാക്കി വേഷത്തിൽ തന്നെ; പ്രതിശ്രുത വരന് സംശയം; ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ*




ഹൈദരാബാദ്: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) എസ്ഐയായി ആൾമാറാട്ടം നടത്തിയ യുവതി അറസ്റ്റിൽ. തെലങ്കാന നർകേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് പൊലീസ് പിടിയിലായത്. വിവാഹനിശ്ചയത്തിന് യൂണിഫോം ധരിച്ചെത്തിയതോടെയാണ് യുവതിയുടെ തട്ടിപ്പ് പുറത്തുവന്നത്. പ്രതിശ്രുത വരന് തോന്നിയ സംശയം ആൾമാറാട്ടം കണ്ടെത്താൻ സഹായകമായി.


കഴിഞ്ഞ ഒരുവർഷമായി എവിടെ പോയാലും യുവതി യൂണിഫോമാണ് ധരിക്കാറുണ്ടായിരുന്നത്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് പിടിയിലായ മാളവിക. 2018-ൽ ആർപിഎഫിലേക്കുള്ള എസ്ഐ റിക്രൂട്ട്‌മെന്റിൽ പങ്കെടുത്തിരുന്നു. എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കൽ ടെസ്റ്റിൽ ഇവർ പരാജയപ്പെട്ടു. ഇതിന് ശേഷമാണ് പരീക്ഷ പാസായെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച് പൊലീസ് യൂണിഫോം ധരിച്ച് യുവതി ആൾമാറാട്ടം നടത്തി കബളിപ്പിച്ചത്.


പൊതുസ്ഥലങ്ങളിലെല്ലാം യൂണിഫോം ധരിച്ചാണ് എത്താറുള്ളത്. ക്ഷേത്രങ്ങളിലും മറ്റും യൂണിഫോം ധരിച്ച് പോകുമ്പോൾ വിഐപി പരിഗണന ലഭിച്ചിരുന്നു. യാത്രകളിലും ഇങ്ങനെയായിരുന്നു പോയിരുന്നത്. എപ്പോഴും യൂണിഫോമിൽ കാണുന്നതിനാൽ യുവതി ശരിക്കും എസ്ഐ ആണെന്ന് നാട്ടുകാരും തെറ്റിദ്ധധരിച്ചു. സമൂഹ മാധ്യമങ്ങളിലും ഇവർക്ക് ആരാധകരുണ്ടായി. നൽഗോണ്ടയിൽ ഒരു സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച വനിതാദിന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്താനും മാളവികയ്ക്ക് ക്ഷണം ലഭിച്ചു. മാർച്ച് എട്ടിന് നടന്ന വനിതാദിന പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു ഇവർ.


ഒടുവിൽ വിവാഹ നിശ്ചയത്തിലും യൂണിഫോമിൽ എത്തിയതാണ് മാളവികയെ കുടുക്കിയത്. മാർച്ച് ആദ്യമായിരുന്നു ചടങ്ങുകൾ. പ്രതിശ്രുത വരന് ഇതോടെ സംശയം തോന്നി. ഐ.ടി. ഉദ്യോഗസ്ഥനായ ഇയാൾ വിശദമായ അന്വേഷണം നടത്തി. ആർപിഎഫ് ഉദ്യോഗസ്ഥരുമായി ഇയാൾ ബന്ധപ്പെട്ടു. അന്വേഷണത്തിൽ മാളവിക എസ്ഐ അല്ലെന്നും ഒരു ജോലിയും ഇല്ലെന്നും ബോധ്യപ്പെട്ടു. തുടർന്നാണ് പൊലീസ് ആൾമാറാട്ടം നടത്തിയതിന്റെ പേരിൽ യുവതിയെ അറസ്റ്റ് ചെയ്യുന്നത്.

أحدث أقدم