റിലീസ് ചെയ്‌തത്‌ ഇന്നലെ, ‘ആടുജീവിത’ത്തിന് വ്യാജൻ; പരാതി നൽകി സംവിധായകൻ ബ്ലസി

 


ആട് ജീവിതം സിനിമയുടെ വ്യാജ പതിപ്പിനെതിരെ പരാതി നൽകി സംവിധായകൻ ബ്ലസി. എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്ക്രീൻ ഷോട്ടുകളും കൈമാറി. കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

കാനഡ, അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ റിലീസ് ആയാൽ ഉടൻ സിനിമകളുടെ വ്യാജപതിപ്പുകൾ ഇത്തരം ഐപിടിവികളിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. പാരി മാച്ച് എന്ന ലോ​ഗോയും വ്യാജ പതിപ്പിൽ ഉണ്ട്.

ഇത് സ്പോർട്സ് റിലേറ്റഡ് വാതുവയ്പ്പ് നടത്തുന്ന കമ്പനിയാണെന്നാണ് വിവരം.ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി മികച്ചൊരു ദൃശ്യാവിഷ്കാരം കേരളക്കരയ്ക്ക് സമ്മാനിച്ചത് ബ്ലെസിയാണ്.

പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രമായിരിക്കുകയാണ് ആടുജീവിതം. ആഗോളതലത്തില്‍ ആടുജീവിതം റിലീസിന് 16 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഇതു ഒരു റെക്കോര്‍ഡുമാണ്. 2024ല്‍ പ്രദര്‍ശനത്തിനെത്തിയ തെന്നിന്ത്യൻ ചിത്രങ്ങളുടെ കളക്ഷനില്‍ രണ്ട് എണ്ണം മാത്രമാണ് റിലീസിന് ആടുജീവിതത്തേക്കാള്‍ മുന്നില്‍ ഉള്ളത്.

أحدث أقدم