പാമ്പാടി : ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം യുവാവിനെ സ്കൂട്ടറിന്റെ കീ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനടം മഞ്ഞാടി ഭാഗത്ത് തടത്തിൽ വീട്ടിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന സുബിൻ റ്റി.ബാബു (37), പാമ്പാടി കറിയന്നൂർകുന്ന് ഭാഗത്ത് ചുഴുകുന്നേൽ വീട്ടിൽ ബിച്ചൂട്ടി എന്ന് വിളിക്കുന്ന ബിജു മാത്യു (55) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം വൈകുന്നേരത്തോടു കൂടി മഞ്ഞാടി സ്വദേശിയായ യുവാവിനെ പാമ്പാടി കാളച്ചന്ത ഭാഗത്തുള്ള ബാറിന് മുൻവശം വച്ച് ചീത്ത വിളിക്കുകയും, ആക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവ് റസിഡൻസിയിലെ കോമ്പൗണ്ടിനകത്ത്ബാറിനു മുന്‍വശം നിന്ന സമയം സുബിൻ യുവാവിനെ ചീത്ത വിളിക്കുകയും യുവാവ് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ബിജു മാത്യു യുവാവിനെ ആക്രമിക്കുകയും, സുബിൻ കയ്യിൽ കരുതിയിരുന്ന സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് യുവാവിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു. തുടർന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എസ്.ഐ ശ്രീരംഗൻ, സി.പി.ഓ മാരായ ജയകൃഷ്ണൻ നായർ, മഹേഷ്.എസ്, സുമീഷ് മാക്മില്ലൻ , ശ്രീജിത്ത് രാജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍റ് ചെയ്തു.
പാമ്പാടിയിൽ സ്കൂട്ടറിന്റെ കീ ഉപയോഗിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റില്‍.
Jowan Madhumala
0