കനത്ത മഴയില്‍ ഷാര്‍ജയിലുണ്ടായ വെള്ളക്കെട്ടുകളില്‍ കണ്ടെത്തിയത് നിരവധി നമ്പര്‍ പ്ലേറ്റുകള്‍

 


ഷാര്‍ജ: യുഎഇയിലുടനീളം കഴിഞ്ഞ വാരാന്ത്യ ദിനങ്ങളില്‍ കനത്ത പെയ്തതിന് പിന്നാലെ നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടില്‍ അകപ്പെട്ടത്. ഷാര്‍ജയില്‍ തെരുവുകളിലെ ജലാശയങ്ങളില്‍ നിന്ന് തൊഴിലാളികള്‍ ഡസന്‍ കണക്കിന് നമ്പര്‍ പ്ലേറ്റുകള്‍ പുറത്തെടുക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തി.

മഴ ശമിക്കുകയും വെള്ളം താഴുകയും ചെയ്തതോടെ ഷാര്‍ജ റോഡുകളില്‍ കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ കാണപ്പെടുകയായിരുന്നു. വെള്ളപ്പാച്ചിലില്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ നഷ്ടപ്പെട്ടവയാണ് ഈ നമ്പര്‍ പ്ലേറ്റുകള്‍. ഷാര്‍ജയിലെ അല്‍ ഖാന്‍ ഇന്റര്‍ചേഞ്ച്, ജമാല്‍ അബ്ദുള്‍ നാസിര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ കൂട്ടമായി നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തി.

ഷാര്‍ജ മുനിസിപ്പാലിറ്റി ജീവനക്കാര്‍ രാവും പകലും റോഡുകള്‍ വൃത്തിയാക്കുകയും വെള്ളക്കെട്ടുകളില്‍ നിന്ന് ഡസന്‍ കണക്കിന് നമ്പര്‍ പ്ലേറ്റുകള്‍ പുറത്തെടുക്കുകയും ചെയ്തു. തൊഴിലാളികള്‍ ആളുകള്‍ക്ക് കാണാവുന്ന വിധത്തില്‍ ഇവ നടപ്പാതയിലെ കട്ടകള്‍ക്കിടയില്‍ ഡിസ്‌പ്ലേ ചെയ്തു. ജമാല്‍ അബ്ദുള്‍ നാസിര്‍ സ്ട്രീറ്റില്‍ നമ്പര്‍ പ്ലേറ്റുകള്‍ റോഡരികിലെ പുല്ലിലാണ് കാണാവുന്ന വിധത്തില്‍ വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നിരവധി പേര്‍ നഷ്ടപ്പെട്ട നമ്പര്‍ പ്ലേറ്റുകള്‍ തേടി ഡിസ്‌പ്ലേ പരിശോധിക്കുന്നത് കാണാമായിരുന്നു.

ദുബായില്‍, നമ്പര്‍ പ്ലേറ്റ് ഇല്ലാതിരിക്കുകയോ നാശമാവുകയോ ചെയ്താല്‍ വാഹനമോടിക്കുന്നവര്‍ക്ക് 3,000 ദിര്‍ഹം വരെ പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. നഷ്ടപ്പെട്ട നമ്പര്‍ പ്ലേറ്റിന് പകരം പുതിയത് ലഭിക്കാന്‍ ദുബായ് പോലീസ് ആപ്പ് വഴി അപേക്ഷിക്കാം. നഷ്ടപ്പെട്ട പ്ലേറ്റിന്റെ വിവരങ്ങള്‍, എമിറേറ്റ്സ് ഐഡി, ഇ-മെയില്‍ വിലാസം, പാസ്പോര്‍ട്ട്, മറ്റ് വിശദാംശങ്ങള്‍ എന്നിവ നല്‍കണം. 70 ദിര്‍ഹമാണ് ഇതിനുള്ള ഫീസ്.

ഷാര്‍ജയില്‍ കനത്ത മഴയെത്തുടര്‍ന്ന് ചിലയിടങ്ങളില്‍ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ പലര്‍ക്കും ബഹുനില കെട്ടിടങ്ങളില്‍ ഗോവണി കയറേണ്ടി വന്നു. താമസ കെട്ടിടത്തിലെ 2,000-ത്തിലധികം പടികള്‍ ദിവസവും കയറാനും ഇറങ്ങാനും നിര്‍ബന്ധിതനായെന്ന് നഗരത്തിലെ ഇന്ത്യക്കാരനായ 61കാരന്‍ പറഞ്ഞു.

ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഓരോ ദിശയിലും 350 പടികള്‍ നടക്കേണ്ടിവരുന്നതായി കിങ് ഫൈസല്‍ സ്ട്രീറ്റിലെ ന്യൂ സുബൈദി ബില്‍ഡിങിലെ താമസക്കാരന്‍ പറയുന്നു. രാവിലെ ഓഫീസില്‍ പോയി ഉച്ചകഴിഞ്ഞ് തിരിച്ചെത്തും. പിന്നെ, കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഞാന്‍ വീണ്ടും പോയി വൈകുന്നേരം വീട്ടിലേക്ക് മടങ്ങും. എലിവേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ഓരോ ദിശയിലും 350 പടികള്‍ നടക്കണം. കെട്ടിടത്തിന്റെ ബേസ്മെന്റില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള ശ്രമം നടക്കുന്നു. വൈദ്യുതി ഉണ്ടെങ്കിലും ലിഫ്റ്റുകള്‍ പ്രവര്‍ത്തനരഹിതമാണ്. റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധം വന്നുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

أحدث أقدم