നിയന്ത്രണംവിട്ട കാര്‍ മതിലിടിച്ച് തകര്‍ത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണു. കാറിനകത്തുണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.



ചാലക്കുടി: നിയന്ത്രണംവിട്ട കാര്‍ മതിലിടിച്ച് തകര്‍ത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണു. കാറിനകത്തുണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാലക്കുടി പോട്ട സുന്ദരിക്കവലയില്‍ ഞായറാഴ്ച രാത്രി 7.15ഓടെയായിരുന്നു സംഭവം. ദേശീയപാതയില്‍ നിന്നും പറക്കൊട്ടിക്കല്‍ ക്ഷേത്രം റോഡിലേക്ക് തിരിയുന്ന വഴിയാണ് വാഗണര്‍ കാര്‍ നിയന്ത്രണംവിട്ടത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലിടിച്ച് തകര്‍ത്ത് പറമ്പിലെ കിണറിന്റെ സംരക്ഷണ ഭിത്തിയും തകര്‍ത്താണ് കിണറ്റില്‍ പതിച്ചത്.

മുപ്പതടിയോളം താഴ്ചയുണ്ടായിരുന്ന കിണറില്‍ വീണ കാറില്‍ നിന്നും പോട്ട കളരിക്കല്‍ വീട്ടില്‍ സതീശന്‍, ഭാര്യ ജിനി, സുഹൃത്ത് ഷിബു എന്നിവരെ ഫയര്‍ഫോഴ്സെത്തിയാണ് പുറത്തെടുത്തത്. കിണറില്‍ എട്ടടിയോളം വെള്ളവുമമുണ്ടായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. കിണറിലേക്ക് മൂക്കുംകുത്തി വീണ കാര്‍ വെള്ളത്തിലേക്ക് മുങ്ങികൊണ്ടിരിക്കുന്നതിനിടെ ഫയര്‍ഫോഴ്സ് വടം ഉപയോഗിച്ച് കിണറിലിറങ്ങി വലയിലാണ് പുറത്തെടുത്തത്.


മൂന്ന് പേര്‍ക്കും സാരമായ പരിക്കില്ല. ഫയര്‍ഫോഴ്സ് റെസ്‌ക്യൂ ഓഫീസര്‍ സി രമേശ് കുമാറിന്റെ നേതൃത്വത്തില്‍ പി എസ് സന്തോഷ്‌കുമാര്‍, സി ജയകൃഷ്ണന്‍, എസ് ആര്‍ സാജന്‍രാജ്, ടി എസ് അജയന്‍, സി എസ് വിനോദ്, കെ എസ് അശോകന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
أحدث أقدم