കൊച്ചി: കോതമംഗലത്ത് വീട്ടമ്മയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിന്റെ നിരീക്ഷണത്തില്‍. ഇവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മോഷണത്തിനായി മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വീട്ടമ്മ സാറാമ്മയെ മരിച്ച നിലയില്‍ കാണുന്നത്. എന്നാല്‍ സംഭവസമയം തങ്ങള്‍ സ്ഥലത്തില്ലെന്നാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞത്. ഇതു സ്ഥിരീകരിക്കാന്‍ ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള രേഖകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. കൃത്യം നടത്തിയത് മറ്റാരെങ്കിലും ആണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് ( അമ്മിണി-72) നെയാണ് ഇന്നലെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടിലെത്തിയ മരുമകള്‍ സിഞ്ജുവാണ് മരിച്ച നിലയില്‍ സാറാമ്മയെ കണ്ടത്. കഴുത്തില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഹാളില്‍ നിലത്തുകിടക്കുകയായിരുന്നു മൃതദേഹം.
ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം അയല്‍വാസി സാറാമ്മയെ കണ്ടിരുന്നു. അതിനാല്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. ഈ സമയത്ത് വീട്ടില്‍ സാറാമ്മ തനിച്ചായിരുന്നു. സാറാമ്മ ധരിച്ചിരുന്ന സ്വര്‍ണമാലയും വളകളും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിലും സമീപത്തും മഞ്ഞള്‍പ്പൊടി വിതറിയിരുന്നു.