മണർകാട് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.




 മണർകാട്  : ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു പുറപ്പെടുത്താൻ ശ്രമിച്ച കേസിൽ അതേ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ അടക്കം മൂന്നുപേർ അറസ്റ്റിൽ. മണർകാട് കുഴിപുരയിടം ഐരാറ്റുനട ഭാഗത്ത് ഷാലു പി.എസ് (24), പാമ്പാടി വെള്ളൂർ കുന്നേപീടിക ഭാഗത്ത് വെള്ളാപ്പള്ളിയിൽ വീട്ടിൽ അപ്പു എന്നുവിളിക്കുന്ന  ശ്രീരാഗ് വി ശശി (21), മണർകാട് കുഴിപുരയിടം ഭാഗത്ത് മൂലേപ്പറമ്പിൽ വീട്ടിൽ അബി കെ ചെറിയാൻ (19) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് മണർകാട് ബസ് സ്റ്റാൻഡിന് സമീപമുള്ള ഓട്ടോ സ്റ്റാൻലിലെ ഡ്രൈവറായ കുഴിപ്പുരയിടം വാലേമറ്റം സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് 8.00 മണിയോടുകൂടി യുവാവ് സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഇട്ട സമയം ഇതേ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന ശാലുവിന്റെ ഓട്ടോ യുവാവിന്റെ ഓട്ടോയിൽ ഉരയുകയും യുവാവ് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവിടെ നിന്നും  പോയ ഷാലു സുഹൃത്തുക്കളുമായി തിരിച്ചെത്തി യുവാവിനെ പട്ടിക കൊണ്ട് തലയിൽ അടിക്കുകയും, കത്തി ഉപയോഗിച്ച് കുത്തുകയും, കൂടാതെ യുവാവിന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഇവർ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഷാലുവിന് കൊലപാതകശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജി, എസ്.ഐ മാരായ ഷബാബ്, അനിൽകുമാർ, സി.പി.ഓ മാരായ തോമസ് രാജു, പത്മകുമാർ, സജീഷ്, സുബിൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.
أحدث أقدم