പ്രേമ, പ്രിയ, നിധീഷ്, നിവേദ്; അവർ നാലുപേരും ഉറപ്പിച്ചു, വീട്ടുകാരും, അത്യപൂർവ്വ മാംഗല്യം നാടിനാകെ കൗതുകമായി!



മാന്നാർ: ഇരട്ടകളുടെ അത്യപൂർവ്വ മംഗല്യം നാടിന് കൗതുകമായി. ബുധനൂർ ശ്രീ കുന്നത്തൂർകുളങ്ങര ദേവീക്ഷേത്രത്തിൽ ഇന്നലെ നടന്ന ഇരട്ട വിവാഹമാണ് കൗതുകമായത്. ബുധനൂർ വഴുതന മുറിയിൽ പുത്തൻവീട്ടിൽ വി ഡി പ്രസന്നന്റെയും എൻ കെ സരസമ്മാളിന്റെയും ഇരട്ട മക്കളായ പ്രേമയുടെയും പ്രിയയുടെയും കഴുത്തിൽ ഇരട്ടകളായ നിധീഷും നിവേദുമാണ് ഇന്നലെ താലിചാർത്തിയത്. കോട്ടയം തൃക്കോതമംഗലം തെക്കേ മരങ്ങാട്ടുപറമ്പിൽ എ എസ് വാസുവിന്റെയും പി ഉഷാദേവിയുടെയും ഇരട്ട മക്കളായ നിധീഷ് വിയും നിവേദ് വിയുമാണ് പ്രേമയെയും പ്രിയയേയും താലി ചാർത്തിയത്.

മൾട്ടിമീഡിയ ആനിമേഷനിൽ ഡിപ്ലോമയുള്ള നിധീഷ് ദുബൈയിലും ഗ്രാഫിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമ നേടിയിട്ടുള്ള നിവേദ് അബുദാബിയിലും ഗ്രാഫിക്സ് ഡിസൈനറാണ്. ആർട്ട് ഓഫ് ലിവിങ് അധ്യാപകരാണ് പ്രേമയും പ്രിയയും. ആർട്ട് ഓഫ് ലിവിങ്ങിന്റെ ഭാഗമായും അല്ലാതെയും ക്ഷേത്രങ്ങളിലും മറ്റും ഭജൻസ് പാടുവാൻ പോകാറുള്ളവരാണ് പ്രേമയും പ്രിയയും.

പാണ്ടനാട് എസ് വി എച്ച് എസിൽ പത്താം ക്ളാസും പേരിശ്ശേരി ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂളിൽ പ്ലസ്ടുവും ഒരുമിച്ച് പഠനം പൂർത്തിയാക്കിയ പ്രേമയും പ്രിയയും ചെങ്ങന്നൂർ വനിതാ ഗവൺമെന്‍റ് ഐ ടി ഐയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ പഠനവും കഴിഞ്ഞ് കേരള സ്റ്റേറ്റ് റൂട്രോണിക്സിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് എൻജിനീയറിങ്ങിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. അത്യപൂർവ്വമായിട്ടുള്ള ഈ ഇരട്ട വിവാഹത്തിൽ പങ്കെടുക്കാനായി ഇരുകുടുംബങ്ങളിലെയും ബന്ധു ജനങ്ങൾക്കൊപ്പം കൂട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു. 

أحدث أقدم