ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്; ബംഗാൾ ഡിജിപിയെയും മാറ്റണം



ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാനാണ് ഉത്തരവ്.

പശ്ചിമ ബംഗാള്‍ ഡിജിപി രാജീവ് കുമാറിനെ മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിസോറം, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ പൊതുഭരണ വകുപ്പ് സെക്രട്ടറിമാരെ മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിങ് ചാഹല്‍, അഡീഷണല്‍ കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ എന്നിവരെയും മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന, മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും, സ്വന്തം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
أحدث أقدم