സംസ്ഥാനത്ത് ഇന്നും റേഷൻ മസ്റ്ററിങ് തടസപ്പെട്ടു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷൻ മസ്റ്ററിങ് തടസപ്പെട്ടു. ഇ പോസ് സെർവർ തകരാർ ഇന്നും തുടര്‍ന്നതോടെയാണ് റേഷൻ മസ്റ്ററിങ് തടസപ്പെട്ടത്. 

ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഒന്നും ചെയ്യാനായില്ല. പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ നിരവധി പേരാണ് കാത്തുനില്‍ക്കുന്നത്.

 ഇന്നലെയും മസ്റ്ററിങ് തടസപ്പെട്ടിരുന്നു. മഞ്ഞ, പിങ്ക് കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് നിർബന്ധമായും നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇതേതുടർന്നാണ് ഇന്നലെയും ഇന്നും നാളെയുമായി സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായി നിർത്തിവച്ച് മസ്റ്ററിങ് നടപടികൾ നടത്താൻ തീരുമാനിച്ചത്.

 എന്നാൽ, രണ്ടു ദിവസമായി റേഷൻ കടകളിലെല്ലാം സാങ്കേതികപ്രശ്‌നങ്ങൾ നേരിടുകയാണ്. റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീന്‍റെ സെര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു.
أحدث أقدم