ശബരിമല ഉത്സവത്തിന് ഒരു ദിവസം മുന്‍പെ കൊല്ലം - തിരുപ്പതി ട്രെയിനെത്തി; ചെങ്ങന്നൂരില്‍ സ്റ്റോപ്പ്



 മാവേലിക്കര: കൊല്ലം - തിരുപ്പതി ബൈ വീക്ക് ലി പുതിയ ട്രെയിനെത്തി. ട്രെയിൻ സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ട്രെയിന്‍ സര്‍വീസ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തുന്ന ട്രെയിനിന്‍റെ വിശദാംശങ്ങൾ 6 മാസം മുൻപ് റെയിൽവേ ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു.

ചിറ്റൂർ, കാട്പാടി, ജോളാരപ്പെട്ട, സേലം, ഈറോഡ്‌, കോയമ്പത്തൂർ, പാലക്കാട്‌, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം സ്റ്റേഷനുകളിൽ ട്രെയിനിനു സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രാലയത്തോട് കൊടിക്കുന്നില്‍ സുരേഷ് എംപി രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തിരുപ്പതി എക്സ്പ്രസിന് പമ്പ എന്ന പേരും നൽകണം, മൺട്രോതുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചെറിയനാട് സ്റ്റേഷനുകളിലെ സ്റ്റോപ് ഒഴിവാക്കിയത് പുനഃപരിശോധിക്കണം എന്നീ രണ്ട് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

ശബരിമല, തിരുപ്പതി തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുന്ന ട്രെയിന്‍ സര്‍വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമെന്ന നിലയില്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ചെങ്ങന്നൂരില്‍നിന്ന് തിരുപ്പതിക്ക് ദിവസവും സര്‍വീസ് വേണമെന്നായിരുന്നു നിര്‍ദേശം ഉണ്ടായിരുന്നത്. എന്നാല്‍, ചെങ്ങന്നൂരില്‍ ട്രെയിനുകളില്‍ നിര്‍ത്തിയിടാന്‍ മതിയായ ട്രാക്കും ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഇല്ലാത്തതിനാലാണ് കൊല്ലത്തുനിന്ന് സര്‍വീസ് തുടങ്ങാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചത്, കൊടിക്കുന്നതില്‍ സുരേഷ് എംപി അറിയിച്ചു.

മീനമാസ പൂജയ്ക്കും ഉത്സവത്തിനുമായി ശബരിമല നട നാളെ തുറക്കും. ശബരിമല തീർഥാടനത്തിനു മുൻപ് സർവീസ് തുടങ്ങണമെന്നതിന് റെയിൽവേ മന്ത്രിയെ കണ്ട് സമർദ്ദം ചെലുത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കൊല്ലം - തിരുപ്പതി ട്രെയിന്‍ സര്‍വീസിന്‍റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചത്. തിരുപ്പതി ട്രെയിനിന് നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും തുടങ്ങാന്‍ വൈകിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സൗത്ത് സെന്‍ട്രലിലായിരുന്നു തിരുപ്പതി ട്രെയിന്‍ സര്‍വീസ് തുടങ്ങേണ്ടത്. സര്‍വീസ് തുടങ്ങാന്‍ ആവശ്യമായ ബോഗികള്‍ ലഭ്യമല്ലാത്തതിനാലുമാണ് സര്‍വീസ് തുടങ്ങാന്‍ വൈകിയത്. ആധുനിക രീതിയിലുള്ള എൽഎച്ച്പി കോച്ചുകളാണു സർവീസിനു ഉപയോഗിക്കുന്നത്.

സമയക്രമം

തിരുപ്പതിയിൽ നിന്ന് (ട്രെയിൻ നമ്പർ – 17421) ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.40നു പുറപ്പെടും. തൊട്ടടുത്ത ദിവസം ട്രെയിൻ രാവിലെ 3.20ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്തുനിന്ന് (നമ്പർ–17422) ബുധൻ, ശനി ദിവസങ്ങളിൽ വൈകിട്ട് 6.20 ന് പുറപ്പെടും. അടുത്ത ദിവസം ട്രെയിൻ രാവിലെ 10ന് തിരുപ്പതിയിൽ എത്തും.

أحدث أقدم