കൊച്ചി: പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണം പ്രതികൾ അട്ടിമറിച്ചുവെന്നും പ്രതികൾ ഉന്നത സ്വാധീനമുള്ളവരെന്നും അനീഷ്യയുടെ അമ്മ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെക്കാൾ മുകളിലുള്ളവരാണ് പ്രതികൾ. ആത്മഹത്യയ്ക്ക് കാരണം പ്രതികളുടെ മാനസിക പീഡനമാണെന്നും ഇക്കാര്യം ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിയിലുണ്ട്.
കഴിഞ്ഞ ജനുവരി 22ന് ആണ് കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ എസ്. അനീഷ്യ ജീവനൊടുക്കുന്നത്. അനീഷ്യയിൽ നിന്നും നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു.
സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മാനസിക പീഡനം കാരണം ജീവിതം അവസാനിപ്പിക്കുന്നുവെന്നായിരുന്നു ഡയറിയിൽ അനീഷ്യ കുറിച്ചിരുന്നത്.