എന്തിനാണ് ഇന്ത്യയ്ക്ക് ലക്ഷദ്വീപിൽ പുതിയ നാവികതാവളം; ഐഎൻഎസ് ജടായുവിനെ ആരൊക്കെ ഭയക്കണം?



ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ശക്തമാക്കുകയാണ് ഇന്ത്യ. ലക്ഷദ്വീപിൽ ഇന്ത്യയുടെ പുതിയ നാവികതാവളമായ ഐഎൻഎസ് ജടായു പ്രവർത്തനം ആരംഭിക്കുന്നതോടെ കൂടുതൽ കരുത്താർജ്ജിക്കാനാകും. പുതിയ നാവികതാവളം എന്ന ആശയത്തിന് പിന്നിൽ ഇന്ത്യക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ഹൂതികൾ ചെങ്കടലിൽ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാനായുള്ള യുഎസിൻ്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സിൽ ഇന്ത്യ ഔദ്യോഗികമായി ചേർന്നിട്ടില്ലെങ്കിലും ഇന്ത്യൻ നാവികസേന നൽകുന്ന പിന്തുണ ചെറുതല്ല.

മിനിക്കോയ് ദ്വീപുകൾ കേന്ദ്രമാക്കിയാണ് ഐഎൻഎസ് ജടായു എന്ന പുതിയ നാവികതാവളം പ്രവർത്തനം ആരംഭിക്കുന്നത്. കവരത്തിയിലെ ഐഎൻഎസ് ദ്വീപ്പ്രക്ഷകിന് (Dweeprakshak) ശേഷം ലക്ഷദ്വീപിലെ ഇന്ത്യയുടെ രണ്ടാമത്തെ നാവികതാവളമാണ് ഐഎൻഎസ് ജടായു. മിനിക്കോയിൽ പുതിയ എയർസ്ട്രിപ്പ് നിർമിക്കാനും അഗത്തി ദ്വീപുകളിൽ നിലവിലുള്ളത് നവീകരിക്കാനും പദ്ധതിയുണ്ട്. ലക്ഷദ്വീപിൽ നാവികതാവളം നിർമിക്കുന്നതിന് പിന്നിൽ ഇന്ത്യക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. അറബിക്കടലിൽ നിർണായക ശക്തിയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. സൊമാലിയൻ കടൽക്കൊള്ളക്കാർ കപ്പൽ തട്ടിയെടുക്കാൻ ശ്രമം നടത്തിയപ്പോഴും ഹൂതികൾ ആക്രമിച്ച കപ്പലുകൾ സുരക്ഷിതമാക്കുന്നതുവരെയുള്ള നിർണായ ഇടപെടലുകൾ ഇന്ത്യൻ നാവികസേനയുടെ ഭാഗത്തുനിന്നും ഉണ്ടായി.

സോമാലിയൻ കടൽക്കൊള്ളക്കാരുടെ ഭീഷണി, ഹൂതി ആക്രമണം, ചൈനീസ് സമ്മർദ്ദം എന്നീ സാഹചര്യങ്ങൾ മറികടക്കാനുള്ള ആദ്യ പടിയാണ് ഐഎൻഎസ് ജടായു എന്ന പുതിയ നാവികതാവളം. അഗത്തി എയർപോർട്ട് നവീകരണം ആറ് വർഷത്തിനുള്ളിൽ പൂർത്തിയാകും. മിനിക്കോയ് ദ്വീപുകളിലെ വിമാനത്താവള വികസനത്തിന് മുന്തിയ പരിഗണനയാണ് 2024 - 2025 ലെ ഇടക്കാല പ്രതിരോധ ബജറ്റിൽ നൽകിയിരിക്കുന്നത്. കരുത്തിൻ്റെ പ്രതീകമായ സുഖോയ് -30, റാഫേൽ യുദ്ധ വിമാനങ്ങൾക്ക് പറന്നിറങ്ങാനും ഉയരാനുമുള്ള സൗകര്യങ്ങളോടെയാകും വിമാനത്താവളങ്ങളുടെ നിർമാണം. ഇതോടെ ചൈനയെയും പാകിസ്താനെയും സമ്മർദ്ദത്തിലാക്കാനാകും.

കവരത്തി, മിനിക്കോയ്, അഗത്തി, ആൻഡ്രോത്ത് ദ്വീപുകളിലെ നാവിക യൂണിറ്റുകളിൽ നാവികസേന അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ ബജറ്റിൽ നിർദേശമായിരുന്നു. സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിനൊപ്പം ലക്ഷദ്വീപിനെ അടിമുടി മാറ്റാനും ആലോചനയുണ്ട്. റിസോർട്ടുകൾ, ഹെലിപാഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ വിനോദസഞ്ചാരം മെച്ചപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. 110 ബീച്ച് വില്ലകൾ, 40 വാട്ടർ വില്ലകൾ ഉൾപ്പെടെയുള്ള ഇക്കോ ടൂറിസം പദ്ധതിക്കായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടൂറിസത്തിന് പേരുകേട്ട മാലിദ്വീപിൽ നിന്ന് 524 കിലോമീറ്റർ അകലെയാണ് മിനിക്കോയ് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. മാലിദ്വീപിനെ മറികടന്ന് ടൂറിസം മേഖലയിൽ കരുത്ത് തെളിയിക്കാൻ ശ്രമമുണ്ട്.

ഇന്ത്യയിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നിക്കോബാർ ജില്ലയിലെ കാംബെൽ ബേയിൽ ഇന്ത്യ പുതിയ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അറബിക്കടലിലൂടെയുള്ള കപ്പലുകളുടെ കടന്നുപോക്കും സുരക്ഷയും ഉറപ്പാക്കുന്നതിനും കാവൽക്കാരായി പ്രവർത്തിക്കുന്നതിനും ഒരുങ്ങുകയാണ് ഇന്ത്യൻ നാവികസേന. പുതിയ നാവികതാവളം പടിഞ്ഞാറൻ അറബിക്കടലിലൂടെയുള്ള മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള ഏതൊരു നീക്കത്തെയും മുൻകൂട്ടി കണ്ട് ഇല്ലാതാക്കാൻ സഹായിക്കും.

സൊമാലിയൻ കടൽക്കൊള്ളക്കാരുടെ സാന്നിധ്യവും ഹൂതി വിമതരുടെ ആക്രമണവും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ നാവിക സേനയുടെ സാന്നിധ്യം അനിവാര്യമാക്കിയിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള എണ്ണ ഉൾപ്പെടെയുള്ള 95 ശതമാനം വ്യാപാരവും നടക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണ്. അതിനാൽ തന്നെ കപ്പൽ ചാലിൻ്റെയടക്കം സുരക്ഷിതത്വം ഇന്ത്യൻ നാവികസേന ഏറ്റെടുക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ള ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും ഇന്ത്യൻ മഹാസമുദ്രത്തിൽ എട്ടോളം ആക്രമണങ്ങളിൽ അപകടങ്ങളിലും രക്ഷകരായി. പത്തോളം യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ, ഡ്രോൺ എന്നിവ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്.

സമീപകാലത്ത് അറബിക്കടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്ത് വ്യാപകമാണെന്നാണ് റിപ്പോർട്ട്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നാവികസേനയും പ്രദേശത്ത് സജീവമാണ്. പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ഇടപാടുകൾ. സ്പീഡ് ബോട്ടുകൾ ഉപയോഗിച്ചാണ് ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്ത്. ഫെബ്രുവരി 27ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുമായി ഏകോപിപ്പിച്ച് ഇന്ത്യൻ നാവികസേന നടത്തിയ നീക്കത്തിൽ ഗുജറാത്തിൽ നിന്ന് അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖയ്ക്ക് സമീപത്ത് നിന്ന് സംശയാസ്പദമായ ഒരു കപ്പൽ കസ്റ്റഡിയിലെടുത്തിരുന്നു. 3,089 കി.ഗ്രാം ചരസ്, 158 കി.ഗ്രാം മെത്താംഫെറ്റാമൈൻ, 25 കിലോ മോർഫിൻ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. ലക്ഷദ്വീപിൽ ഐഎൻഎസ് ജടായു പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ സാഹചര്യങ്ങളെ ഇല്ലാതാക്കാൻ ഇന്ത്യക്കാകും.

أحدث أقدم