ജനരോഷം നേരിടാൻ ഒരുങ്ങിക്കോ, 'അസുര ശക്തി' മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നു; രൂക്ഷമായി പ്രതികരിച്ച് 'ഇന്ത്യ'

 


ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിൽ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം രംഗത്ത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാ‍ർജ്ജുൻ ഖർഗെ, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സി പി എം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എൻ സി പി നേതാവ് ശരത് പവാർ, ഉദ്ദവ് താക്കറെ, അഖിലേഷ് യാദവ്, സി പി ഐ, തൃണമൂൽ കോൺഗ്രസ്, ജെ എം എം, മുസ്ലിം ലീഗ് തുടങ്ങി 'ഇന്ത്യ' സഖ്യം ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രംഗത്തെത്തി.

രാഹുലിന്‍റെയും പ്രിയങ്കയുടെയും പ്രതികരണം

കെജ്രിവാളിന്‍റെ അറസ്റ്റിൽ ബി ജെ പിക്കെതിരെ ആഞ്ഞടിച്ചാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ഭീരുവായ ഏകാധിപതിക്ക് വേണ്ടത് നിർജ്ജീവമായ ജനാധിപത്യമെന്നാണ് രാഹുല്‍ പറഞ്ഞത്. സർവ്വവും പിടിച്ചടക്കാൻ നോക്കുന്ന അസുര ശക്തി ഇപ്പോള്‍ മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യുന്നുവെന്നും ഇന്ത്യ അർഹമായ മറുപടി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടന വിരുദ്ധമെന്നാണ് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടത്.

ഖർഗെയുടെ പ്രതികരണം

ബി ജെപിയുടെ പരാജയഭീതി വ്യക്തമായെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞത്. ബി ജെ പി ഇക്കുറി അധികാരത്തിന് പുറത്തേക്കെന്നും ഖർഗെ വിവരിച്ചു.

ബി ജെ പിയെ വെല്ലുവിളിച്ച് സ്റ്റാലിൻ

കെജ്രിവാളിന്‍റെ അറസ്റ്റിൽ ബി ജെ പിയെ വെല്ലുവിളിച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയത്. ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂവെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി ബി ജെ പിയെ വെല്ലുവിളിച്ചത്. മോദിയും ബി ജെ പിയും പരാജയഭീതിയിൽ പ്രതിപക്ഷവേട്ട നടത്തുകയാണ്. ഇ ഡി നടപടി ഇന്ത്യ സഖ്യത്തിന്‍റെ നിശ്ചയദാർഡ്യം വർധിപ്പിക്കുമെന്നും അതിശക്തമായ പ്രക്ഷോഭം ഉയർത്തുമെന്നും സ്റ്റാലിൻ പറഞ്ഞു.

സി പി എം പ്രതികരണം

അതിശക്തമായ പ്രതിഷേധം എന്നാണ് സി പി എം അഭിപ്രായപ്പെട്ടത്. അന്വേഷണ ഏജൻസികളെ പരസ്യമയാി തന്നെ ബി ജെ പി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമുള്ള ഈ നടപടി രാജ്യത്തിന് തന്നെ നാണക്കേടാണ്. ഇന്ത്യയിലെ ജനങ്ങൾ ഈ ഗൂഢാലോചനയെ എതിർത്ത് തോൽപ്പിക്കുമെന്നും സി പി എം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നത്.

ശരദ് പവാറിന്‍റെ പ്രതികരണം

കെജ്രിവാളിന്റെ അറസ്റ്റ് അപലപനീയമെന്നാണ് എൻ സി പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞത്. അധികാരം നിലനിർത്താൻ ബി ജെ പി ഏതറ്റം വരെ പോകുമെന്നതിനുള്ള തെളിവാണിത്. പ്രതിപക്ഷത്തെ വേട്ടയാടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും അറസ്റ്റിനെതിരെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും ശരദ് പവാർ പറഞ്ഞു.

അഖിലേഷ് യാദവിന്‍റെ പ്രതികരണം

ബി ജെ പിയുടേത് തോല്‍വി ഭയന്നുള്ള നീക്കമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ഭരണത്തില്‍ തിരിച്ച് വരില്ലെന്ന് ബി ജെ പിക്കറിയാം. കെജ്രിവാളിന്‍റെ അറസ്റ്റ് രാജ്യത്ത് പുതിയ ജന മുന്നേറ്റത്തിന്  തുടക്കം കുറിക്കുമെന്നും അഖിലേഷ് പറഞ്ഞു.

തൃണമൂൽ കോൺഗ്രസിന്‍റെ പ്രതികരണം

മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അറസ്റ്റിലാകുന്നു. ഈ അവസ്ഥയിൽ ഇന്ത്യയില്‍ എങ്ങനെ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് ചോദിച്ചത്. തെര‍ഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും നടപടിയെടുക്കാതിരുന്നാല്‍ എങ്ങനെ നീതി ലഭിക്കുമെന്നും ടി എം സി ചോദിച്ചു. ഇന്ത്യയിലെ ജനാധിപത്യത്തിന്‍റെ വിധി നാളെ എന്താകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിമാരും നേതാക്കളും അറസ്റ്റ് ചെയ്യപ്പെടുന്നു. വരാനിരിക്കുന്ന ദുരന്തത്തിൽ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാൻ  കഴിയട്ടെയെന്നും ടി എം സി നേതാക്കൾ അഭിപ്രായപ്പെട്ടു.

ജെഎംഎം പ്രതികരണം

ബി ജെ പിക്ക് അധികാരത്തിന്‍റെ ആർത്തിയെന്നാണ് ജെ എം എം പ്രതികരിച്ചത്. അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നതിന്‍റെ പുതിയ മാതൃകയാണിത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ റെയ്ഡുകളുടെ വാർത്ത മാത്രമെന്നും ജെ എം എം അഭിപ്രായപ്പെട്ടു.

ഉദ്ദവ് താക്കറെ വിഭാഗത്തിന്‍റെ പ്രതികരണം

തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഭീതിയിലാണ് ബി ജെ പി. ബി ജെ പിക്ക് 400 സീറ്റ് കിട്ടില്ലെന്ന് മാത്രമല്ല പരാജയപ്പെടുമെന്ന് തെളിഞ്ഞെന്നും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം അഭിപ്രായപ്പെട്ടു.

മുസ്‌ലിം ലീഗ് പ്രതികരണം

കെജ്രിവാളിന്റെ അറസ്റ്റിനെതിരെ മുസ്‌ലിം ലീഗും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കെജ്രിവാളിന്റെ അറസ്റ്റ് അത്ഭുതകരവും അപലപനീയവുമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്ത് കൃത്രിമ വിജയം ഉണ്ടാക്കാനാണ് ബി ജെ പി ശ്രമം. പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുകയാണ്. ഒരു മര്യാദയും ഇല്ലാതെയാണ് പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പീഡിപ്പിക്കുന്നത്. ഇതിനെതിരെ ജനം ബാലറ്റിലൂടെ പ്രതികരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

أحدث أقدم