സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത് കേരള ചരിത്രത്തിലാദ്യം



തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി രണ്ടാം തിയതിയും ശമ്പളം മുടങ്ങിയതോടെ കടുത്ത അതൃപ്തിയിലായി ജീവനക്കാർ. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം ശനിയാഴ്ച നടത്തിയേക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സാധിച്ചില്ല. 97,000 പേർക്കാണ് ആദ്യദിനം ശമ്പളം കിട്ടേണ്ടിയിരുന്നത്. എന്നാൽ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും കൃത്യമായി ശമ്പളം ലഭിച്ചു. എങ്കിലും ഐ പി എസ്, ഐ എ എസ് ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചില്ല, ഇതോടു കൂടി അതൃപ്തി അവർ പ്രകടിപ്പിച്ചതായാണ് അറിയുന്നത്.

സർക്കാർ ജീവനക്കാരിൽ സെക്രട്ടേറിയറ്റ്, റവന്യൂ, പൊലീസ്, എക്സൈസ്, പൊതുമരാമത്ത്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ആദ്യദിവസം ശമ്പളം ലഭിക്കേണ്ടിയിരുന്നത്. അതിനെ തുടർന്ന് രണ്ടാം ദിനമായ ശനിയാഴ്ച്ച അദ്ധ്യാപകർക്കായിരുന്നു ലഭിക്കേണ്ടത്. എന്നാൽ ഒന്നാം ദിനം ലഭിക്കേണ്ടവർക്കും രണ്ടാം ദിനം ലഭിക്കേണ്ടവർക്കും ശനിയാഴ്ച ശമ്പളം ലഭിക്കുകയുണ്ടായില്ല. ഇനി തിങ്കളാഴ്ചയേ പണം ലഭിക്കൂ എന്നാണ് സൂചന. പണം ഇല്ലാത്തതിനാൽ ട്രഷറി അക്കൗണ്ട് മരവിപ്പിച്ചു.

സാങ്കേതിക പ്രശ്നമാണെന്നാണ് പറയുന്നതെങ്കിലും ട്രഷറി വകുപ്പും ധന വകുപ്പും എന്താണ് പ്രശ്നമെന്ന് കൃത്യമായി വിശദീകരിക്കുന്നില്ല. ഇതിനിടെ അടിയന്തരമായി പണം കണ്ടെത്താനുള്ള നടപടികൾ ധനവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
أحدث أقدم