ശിവരാത്രി: ആലുവയിലേക്ക് എങ്ങനെയെത്താം? സ്പെഷ്യൽ ട്രെയിനും മെട്രോ കെഎസ്ആർടിസി അധിക സർവീസുകളും; വിശദമായി അറിയാം



 കൊച്ചി: ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം. ശിവരാത്രിയോടനുബന്ധിച്ച് ഇന്ന് അർധരാത്രിയോടെ മഹാദേവക്ഷേത്രത്തിൽ പിതൃകർമങ്ങൾ ആരംഭിക്കും. ഉച്ചയോടെ തന്നെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. വൈകീട്ടോടെ മണപ്പുറം ജനങ്ങളാൽ നിറയും. ഭക്തർക്ക് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി, കൊച്ചി മെട്രോ എന്നിവയും റെയിൽവേയും ഇന്നും നാളെയും പ്രത്യേക സർവീസുകൾ നടത്തും.

ഇന്ന് വൈകീട്ടത്തെ നിലമ്പൂർ - കോട്ടയം എക്സ്പ്രല് 16325 പതിവ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങിൽ നിർത്തും. ഷൊർണൂർ - തൃശൂർ എക്സ്പ്രസ് (06461) ആലുവ വരെ സ്പെഷ്യൽ സർവീസ് നടത്തും. രാത്രി 11:15ന് തൃശൂർ വിടുന്ന ട്രെയിൻ എല്ലാ സ്റ്റേഷനിലും നിർത്തി അർധരാത്രി 12:45ന് ആലുവയിലെത്തും.

നാളെ രാവിലെ 5:15ന് ആലുവയിൽ നിന്ന് പുറപ്പെടുന്ന തൃശൂർ - കണ്ണൂർ (16609) എക്സ്പ്രസ് 6:45 ന് തൃശൂർ എത്തി കണ്ണൂരിലേക്ക് പതിവ് സർവീസ് നടത്തും. ആലുവ മുതൽ ഷൊർണ്ണൂർ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ടാകും.

ആലുവയിലേക്ക് ഭക്തർക്ക് എത്തിച്ചേരുന്നതിനായി കെഎസ്ആർടിസി വിവിധ യൂണിറ്റുകളിൽനിന്ന് അധിക സർവീസുകൾ നടത്തുന്നുണ്ട്. 210 സ്പെഷ്യൽ സർവീസുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ആലുവ, വടക്കൻ പറവൂർ, മാള, പുതുക്കാട്, പെരുമ്പാവൂർ, തൃശൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, അങ്കമാലി ഡിപ്പോകളിൽനിന്നാണ് ഈ സർവീസുകൾ.

തൃശൂർ ഭാഗത്തേക്കുള്ള ബസുകൾ മണപ്പുറം സ്റ്റാൻഡിൽനിന്നും പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്ക് ഗാന്ധി സ്ക്വയർ സ്റ്റോപ്പിൽ നിന്നും ചേർത്തല ഭാഗത്തേക്ക് നഗരസഭ ബസ് സ്റ്റാൻഡിൽ നിന്നുമാകും സർവീസ് നടത്തുക. മണപ്പുറത്ത് താൽക്കാലികമായി ഒരു സ്റ്റേഷൻ മാസ്റ്റർ ഓഫീസും പ്രവർത്തിച്ച് വരുന്നുണ്ട്.

കൊച്ചി മെട്രോ ഇന്ന് രാത്രിയും നാളെ രാവിലെയുമാണ് അധിക സർവീസുകൾ ഒരുക്കിയിരിക്കുന്നത്. ഇന്ന് രാത്രി 11:30 വരെ തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് മെട്രോ സർവീസ് ഉണ്ടാകും. രാത്രി 10:30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. ശനിയാഴ്ച പുലർച്ചെ 4:30ന് മെട്രോ സർവീസ് ആരംഭിക്കും. 4:30 മുതൽ രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിൻ സർവീസ് ഉണ്ടാവുക.

Previous Post Next Post