അനുവിനെ കൊന്ന മുജീബിനെ പിടികൂടിയത് ഇങ്ങനെ; നാടിനെ നടുക്കിയ കൊലപാതകത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

 


കോഴിക്കോട്: പേരാമ്പ്ര വാളൂർ കുറുങ്കുടിമീത്തൽ അനു (26) വിൻ്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചു കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് കുമാർ ഐപിഎസ്. അനുവിനെ കൊലപ്പെടുത്തിയ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ സഞ്ചരിച്ച ബൈക്ക് തിരിച്ചറിയാനായി ഏകദേശം 100 ഓളം സിസിടിവി കാമറകൾ പരിശോധിച്ചതായി എസ്പി അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സൈബർ സെല്ലിൻ്റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പിടികൂടിയതെന്ന് എസ്പി വ്യക്തമാക്കി.

അനുവിൻ്റെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തിയതോടെ സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടിരുന്നു. ഇത്തരം കൃത്യങ്ങൾ നടത്തുന്ന കുറ്റവാളികളുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം ആരംഭിച്ചത്. പട്ടികയിലുള്ളവർ അടുത്തകാലത്ത് ജയിൽമോചിതരായോ എന്ന് അന്വേഷിച്ചു. ഇതോടെയാണ് അന്വേഷണം മുജീബ് റഹ്മാനിലേക്ക് എത്തിയതെന്ന് എസ്പി പറഞ്ഞു.

സംഭവസമയം അതുവഴി കടന്നുപോയ ബൈക്ക് സംബന്ധിച്ചു പോലീസിന് സംശയമുണ്ടായിരുന്നു. അതിനായി ഏകദേശം 100 ഓളം സിസിടിവി കാമറകൾ പരിശോധിച്ചു. ബൈക്കിൻ്റെ നമ്പർ കണ്ടെത്തിയതോടെ ഇത് കണ്ണൂർ മട്ടന്നൂരിൽനിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കി. സിസിടിവി ദൃശ്യങ്ങൾവെച്ചു ബൈക്ക് തിരിച്ചറിഞ്ഞെങ്കിലും പ്രതി ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ പ്രയാസം നേരിട്ടു. മലപ്പുറം പോലീസിൻ്റെയും സൈബർ സെല്ലിൻ്റെയും സഹായത്തോടെ ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ തുടരന്വേഷണത്തിലാണ് പ്രതിയെ ലൊക്കേറ്റ് ചെയ്തത്. കോഴിക്കോട് റൂറൽ, മലപ്പുറം പോലീസ് സംഘം സംയുക്തമായി നടത്തിയ നീക്കത്തിൽ കൊണ്ടോട്ടിയിലെ വീട്ടിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും എസ്പി വിശദമാക്കി.

11ന് രാത്രിയിൽ മട്ടന്നൂരിലെ മുൻ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീട്ടിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി പ്രതി പേരാമ്പ്രയിൽ എത്തുകയായിരുന്നു. ആശുപത്രിയിൽ പോകാനായി ജങ്ഷനിൽ കാത്തുനിൽക്കുന്ന ഭർത്താവിൻ്റെ അടുത്ത് എത്താൻ ധൃതിയിൽ നടന്നുപോകുകയായിരുന്ന അനുവിനെ കണ്ട ഇയാൾ ലിഫ്റ്റ് നൽകി. തുടർന്ന്, തോടിൻ്റെ സമീപത്ത് ബൈക്ക് നിർത്തി അനുവിനോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. പിന്നാലെ അനുവിനെ കനാലിലേക്ക് തള്ളിയിട്ട് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. തുടർന്ന്, എടവണ്ണപ്പാറ ഭാഗത്ത് ബൈക്ക് ഉപേക്ഷിച്ച ശേഷം പ്രതി മോഷ്ടിച്ച സ്വർണം സുഹൃത്തിൻ്റെ സഹായത്തോടെ മലപ്പുറത്തെ ഒരു സേട്ടുവിന് നൽകുകയായിരുന്നുവെന്നും എസ്പി പറഞ്ഞു.

ചോദ്യംചെയ്യലിൽ വ്യക്തമായ തെളിവുകൾ നിരത്തിയതോടെ പ്രതി മുജീബ് കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ 50 ഓളം കേസുകൾ നിലവിലുണ്ട്. മോഷ്ടിക്കപ്പെട്ട സ്വർണവും ബൈക്കും കണ്ടെത്തിയെന്നും എസ്പി അറിയിച്ചു.

أحدث أقدم