പാമ്പാടി: ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ കൊഴുവനാൽ വൈക്കംമൂല ഭാഗത്ത് പുത്തൻവീട്ടിൽ ജാൻസൺ ജോസ് (27) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ജനുവരി 14-ആം തീയതി രാത്രി 7:45 മണിയോടുകൂടി പാമ്പാടി കാളച്ചന്ത ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബാറിൽ എത്തിയ ഇവർ ഇവിടെ വച്ച് ബഹളം വയ്ക്കുകയും ബാറിലെ കസേരകൾ മറ്റും തല്ലിയൊടിക്കുകയുമായിരുന്നു. ഇത് ബാറിലെ ജീവനക്കാരന്‍ ചോദ്യം ചെയ്യുകയും ഇവരോട് ഇവിടെനിന്ന് പോകുവാൻ പറയുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘംചേര്‍ന്ന് ഇയാളെ മർദ്ദിക്കുകയും, കയ്യിലിരുന്ന ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാരനെ ബാറിലിട്ട് കത്തിച്ചുകളയുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പാടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു. മറ്റു രണ്ടു പ്രതികളായ ബിനിൽ മാത്യു, അരുൺ ടി.എസ് എന്നിവരെ പോലീസ് സാഹസികമായി കീഴടക്കുകയും ചെയ്തു. തുടർന്ന് ഒളിവിൽപോയ ഇയാളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിലാണ് ഇയാളെ അടിമാലിയിൽ നിന്നും അന്വേഷണ സംഘം സാഹസികമായി പിടികൂടുന്നത്. പാമ്പാടി സ്റ്റേഷൻ എസ്.ഐ ശ്രീരംഗൻ, സി.പി.ഓ മാരായ ജയകൃഷ്ണൻ നായർ, മഹേഷ്.എസ്, അനൂപ് വി.വി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
പാമ്പാടിയിൽ ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ.
Jowan Madhumala
0
Tags
Top Stories