പത്തനംതിട്ട: പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ തൊട്ടടുത്തുള്ള പറമ്പില്‍ തീപ്പിടുത്തമുണ്ടായി. പത്തനംതിട്ട ആനിക്കാട്, പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയതിലെ സന്തോഷം ആഘോഷമാക്കാൻ പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് തീപ്പിടുത്തമുണ്ടായത്.
പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള തോട്ടത്തിലേക്ക് തീ പടരുകയും ഉണങ്ങിയ പുല്ലിലും ചെടികളിലും മരക്കൊമ്പുകളിലുമെല്ലാം തീ പടരുകയുമാണുണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകരാണ് പടക്കം പൊട്ടിച്ച് ആഘോഷിച്ചതെന്നാണ് സൂചന. ഒടുവില്‍ തോട്ടത്തില്‍ തീ പടര്‍ന്നത് അണയ്ക്കാൻ ഫയര്‍ ഫോഴ്സ് എത്തേണ്ടിവന്നു. ഇതോടെ തീ നിയന്ത്രണവിധേയമായി.
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സ്ഥലത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികൾ നടത്തിയ സമരത്തിന്‍റെ ഫലമായാണ് സെക്രട്ടറിയെ മാറ്റാൻ തീരുമാനമായത്. ഇതിന്‍റെ ആഘോഷമാണ് അപകടത്തില്‍ ചെന്ന് കലാശിച്ചത്.