അബുദാബി: ഈ വര്‍ഷത്തെ ഈദുല്‍ ഫിത്തര്‍ (Eid ul Fitr) അഥവാ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10 ബുധനാഴ്ചയാവാന്‍ സാധ്യതയെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ അസോസിയേഷനാണ് ഇതു സംബന്ധിച്ച നിഗമനങ്ങള്‍ ആദ്യമായി പുറത്തുവിട്ടത്.
ജ്യോതിശാസ്ത്രജ്ഞര്‍ നേരത്തേ കണക്കുകൂട്ടിയതിലും ഒരു ദിവസം വൈകിയായിരിക്കും ചെറിയ പെരുന്നാള്‍ എത്തുക. ശവ്വാലിലെ ചന്ദ്രക്കല കാണാനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണമായി എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ ചൂണ്ടിക്കാട്ടുന്നത്. റമദാന്‍ മാസം അവസാനിച്ച് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുമ്പോഴാണ് ഈദുല്‍ ഫിത്തര്‍ ദിനം.
സൗദിയില്‍ ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത
ഗള്‍ഫ് രാജ്യങ്ങളിലെല്ലാം മാര്‍ച്ച് 12 ചൊവ്വാഴ്ച റമദാന്‍ (Ramadan 2024) ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ഇത് കൃത്യമാണെങ്കില്‍, ഒരു മാസത്തിന് ശേഷം ഏപ്രില്‍ 10 ബുധനാഴ്ച ഈദുല്‍ ഫിത്തര്‍ വരും.
അങ്ങനെ സംഭവിക്കുകയാണെങ്കില്‍, സൗദിയില്‍ സ്വകാര്യ-പൊതുമേഖല ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് ദിവസത്തെ അവധി ലഭിച്ചേക്കും. സൗദി ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം രാജ്യത്ത് റമദാന്‍ 29 മുതല്‍ ഷവ്വാല്‍ 3 വരെ ഈദുല്‍ ഫിത്തര്‍ അവധി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 10 ഈദുല്‍ ഫിത്തര്‍ ആണെങ്കില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 8 തിങ്കള്‍ റമദാന്‍ 29 ഉം ഏപ്രില്‍ 12 വെള്ളിയാഴ്ച ശവ്വാല്‍ 3 ഉം ആയിരിക്കും.
അതായത്, ഏപ്രില്‍ 8 തിങ്കള്‍ മുതല്‍ ഏപ്രില്‍ 12 വെള്ളി വരെയുള്ള ദിവസങ്ങളില്‍ അവധി ലഭിക്കും. രണ്ട് വാരാന്ത്യങ്ങള്‍ ഇരുവശത്തും നല്‍കുമ്പോള്‍, അത് തുടര്‍ച്ചയായ ഒമ്പത് ദിവസത്തെ അവധിയായി മാറും. ജ്യോതിശാസ്ത്രജ്ഞരുടെ കണക്കുകള്‍ ശാസ്ത്രീയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്താലാണെങ്കിലും മാസപ്പിറവി നേരില്‍ കാണുകയെന്ന പാരമ്പര്യ രീതി പിന്തുടര്‍ന്നാണ് സ്ഥിരീകരിച്ച തീയതികള്‍ പ്രഖ്യാപിക്കുക.
'ഏപ്രില്‍ എട്ടിന് പൂര്‍ണ സൂര്യഗ്രഹണത്തോടൊപ്പം ശവ്വാല്‍ ചന്ദ്രക്കലയും ജനിക്കും. സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചന്ദ്രന്‍ ദൃശ്യമാകില്ല. പ്രഭാതത്തിന് മുമ്പുള്ള ചന്ദ്രക്കല എന്നാല്‍ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഏപ്രില്‍ 9 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം ദൃശ്യമാകും. അതിനാല്‍, ഇത്തവണ ഏപ്രില്‍ 10 ബുധനാഴ്ച ശവ്വാലിന്റെയും ഈദ് അല്‍ ഫിത്തറിന്റെയും ആദ്യ ദിനം അടയാളപ്പെടുത്തും'- അല്‍ ജര്‍വാന്‍ വിശദീകരിച്ചു.
യുഎഇയില്‍ ആറ് ദിവസത്തെ അവധി
യുഎഇയില്‍, സാധാരണ റമദാനിലെ അവസാന ദിനവും പൊതു അവധിയാണ്. അതിനാല്‍ ഈദ് അവധി ആരംഭിക്കുന്നത് ഏപ്രില്‍ 9 ചൊവ്വാഴ്ചയാവാനാണ് സാധ്യത. അങ്ങനെ വന്നാല്‍ യുഎഇയിലെ സ്വകാര്യ, പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക് ആറ് ദിവസത്തെ അവധി ആസ്വദിക്കാന്‍ അവസരമുണ്ടാവും.
ഈദുല്‍ ഫിത്തര്‍ ഒരു ദിവസം മുമ്പ് പ്രഖ്യാപിച്ചാല്‍ (ഏപ്രില്‍ 9 ചൊവ്വാഴ്ച) രണ്ട് വാരാന്ത്യങ്ങളിലെയും അവധി ദിനങ്ങള്‍ സഹിതം ഒമ്പത് ദിവസത്തെ പൊതു അവധി ലഭിക്കാന്‍ സാധ്യതയുണ്ട്.
സ്‌കൂളുകള്‍ക്ക് മൂന്നാഴ്ച ശൈത്യകാല അവധി
മാര്‍ച്ച് 25 തിങ്കളാഴ്ച രണ്ടാഴ്ചത്തെ സ്‌കൂള്‍ അവധി ആരംഭിച്ച് ഈദ് അല്‍ ഫിത്തര്‍ പൊതു അവധി കൂടി കഴിഞ്ഞാണ് സ്‌കൂള്‍ തുറക്കുക എന്നതിനാല്‍ ദുബായിലെ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി ലഭിക്കും.
ഈദുല്‍ ഫിത്തര്‍ കഴിഞ്ഞാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഈ വര്‍ഷം കൂടുതല്‍ അവധിദിനങ്ങള്‍ ഒരുമിച്ച് ലഭിക്കുക ഈദുല്‍ അസ്ഹ Eid ul Azha (വലിയ പെരുന്നാള്‍) വേളയിലായിരിക്കും. വാരാന്ത്യം ഉള്‍പ്പെടെ നാല് ദിവസത്തെ അവധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.