കനയ്യകുമാര്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍; 10 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 10 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി. ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. യുവനേതാവ് കനയ്യകുമാര്‍, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലാണ് കനയ്യ കുമാര്‍ മത്സരിക്കുന്നത്. ഇവിടെ സിറ്റിങ് എംപി മനോജ് തിവാരിയാണ് കനയ്യകുമാറിന്റെ എതിരാളി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കിയ ഡല്‍ഹിയിലെ ഏക സിറ്റിങ് എംപിയാണ് ഭോജ്പുരി ഗായകന്‍ കൂടിയായ മനോജ് തിവാരി.

ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യകുമാര്‍, ജെഎന്‍യുവിലെ പ്രക്ഷോഭങ്ങളിലൂടെയാണ് ദേശീയശ്രദ്ധയാകര്‍ഷിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബഗുസരായിയില്‍ മത്സരിച്ചെങ്കിലും ബിജെപിയിലെ ഗിരിരാജ് സിങിനോട് തോറ്റു. 2021 സെപ്റ്റംബറിലാണ് കനയ്യകുമാര്‍ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്.

ഇന്ത്യ മുന്നണി ധാരണപ്രകാരം, ബഗുസരായ് സീറ്റ് ഇത്തവണയും സിപിഐക്ക് വിട്ടുനല്‍കിയതോടെയാണ് കനയ്യകുമാറിന് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സീറ്റ് അനുവദിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജെ പി അഗര്‍വാള്‍ ആണ് ചാന്ദ്‌നി ചൗക്കില്‍ സ്ഥാനാര്‍ത്ഥി. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ മുന്‍ എംപി ഉദിത് രാജും മത്സരിക്കും.

പഞ്ചാബിലെ ജലന്ധര്‍ സംവരണ സീറ്റിലാണ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ജനവിധി തേടുന്നത്. അമൃത്സറില്‍ സിറ്റിങ് എംപി ഗുര്‍ജീസ് സിങ് ഊജ്‌ലയും, ഫത്തേഗാര്‍ഹ് സാഹിബ്(എസ് സി സംവരണം) മണ്ഡലത്തില്‍അമര്‍ സിങും മത്സരിക്കും.

പട്യാല ലോക്‌സഭ സീറ്റില്‍ മുന്‍ എംപി ധര്‍വീര്‍ ഗാന്ധി ജനവിധി തേടും. ആം ആദ്മി പാര്‍ട്ടി വിട്ട് അടുത്തിടെയാണ് ധര്‍വീര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സുഖ്പാല്‍ സിങ് ഖൈര സംഗ്രൂര്‍ സീറ്റിലും ജീത് മൊഹിന്ദര്‍ സിങ് സിധു ബത്തിന്‍ഡയിലും മത്സരിക്കും.

ഉത്തര്‍പ്രദേശിലെ അലഹാബാദ് ലോക്‌സഭ സീറ്റില്‍ ഉജ്വല്‍ രേവതി രമണ്‍ സിങ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഒഡീഷ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള 75 സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
أحدث أقدم