ഒമാനിൽ കനത്ത മഴയെ തുടർന്ന് മരിച്ച 12 പേരിൽ ഒരു മലയാളിയും


മസ്കറ്റ്: ഒമാനിൽ കനത്ത മഴയെ തുടർന്ന് മരിച്ച 12 പേരിൽ ഒരു മലയാളിയും. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്.

 ന്യൂനമർദത്തിന്‍റെ സ്വാധീനം നിലനിൽക്കുന്ന ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുകയാണ്.

മഴ ശക്തമായതിനെ തുടർന്ന് ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കാണാതായ എട്ടുപേരില്‍ നാലു പേര്‍ കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. സമദ് അല്‍ ശാനിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണ നിരക്ക് 12 ആയി ഉയര്‍ന്നത്.

മസ്‌കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴ ലഭിച്ചത്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് ഒമാൻ സിവിൽ എവിയേഷൻ അതോറ്റിയുടെ കീഴിലുള്ള നാഷണൽ ഏ‍ർലി വാണിങ് സെന്റർ ഫോർ മൾട്ടിപ്പിൾ ഹസാ‍ർഡ്സ് അറിയിച്ചു. പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.

പലയിടങ്ങളിലും വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്. നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ നിയാബത്ത് സമദ് അൽ ഷാനിൽ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന സ്കൂൾ ബസ് വാദിയിലെ വെള്ളക്കെട്ടിൽ കുടുങ്ങി. ഇവിടെ നിന്ന് രണ്ട് പേരെ രക്ഷിച്ചതായി റോയ‌‌ൽ ഒമാൻ പൊലീസ് അറിയിച്ചു. കാണാതായവർക്കായി തെരച്ചിൽ തുടരുന്നുണ്ട്.

രക്ഷപ്പെടുത്തിയ രണ്ട് പേരെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. ഇബ്ര വിലായത്തിൽ 27 പേരെയും കൊണ്ടുപോവുകയായിരുന്ന ഒരു സ്കൂൾ ബസ് വാദിയിൽ കുടുങ്ങിയെന്നും മറ്റൊരു സംഭവത്തിൽ നിസ്‍വ വിലായത്തിൽ 21 വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ ബസിനുള്ളിൽ അകപ്പെട്ടുവെന്നും ഔദ്യോഗിക അറിയിപ്പുകളിൽ പറയുന്നു.
أحدث أقدم