ഈ വർഷത്തെ ആദ്യത്തെ പൂർണ സൂര്യഗ്രഹണം ആണ് ഏപ്രിൽ 8 ന് നടക്കുക. അതും നൂറ്റാണ്ടുകള്‍ മാത്രം കൂടുമ്പോൾ സംഭവിക്കുന്ന ഈ അത്ഭുത പ്രതിഭാസം വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും ഉടനീളം ദൃശ്യമാകും. എന്നാൽ ഇക്കാര്യം 54 വർഷങ്ങൾക്ക് മുൻപ് പ്രവചിച്ചുകൊണ്ടുള്ള ഒരു മാധ്യമ റിപ്പോർട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. 1970-ൽ യുഎസിലെ ഒഹിയോ ആസ്ഥാനമായുള്ള ഒരു പത്രം അച്ചടിച്ച വാർത്തയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
ഈ പത്ര വാർത്തയുടെ ചിത്രം എക്സില്‍ ആണ് പങ്കുവെച്ചിരിക്കുന്നത്. ഇതിൽ അടുത്ത സൂര്യഗ്രഹണം 2024 ൽ ദൃശ്യമാകുമെന്നും എന്ന് വ്യക്തമാക്കിക്കൊണ്ട് ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയ ഉപഭോക്താക്കളെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ്. എങ്ങനെയാണ് ഇത്രയും കൃത്യമായി വർഷങ്ങൾക്കു മുൻപ് തന്നെ ഇക്കാര്യം പ്രവചിച്ചത് എന്നും പലരും ആശ്ചര്യത്തോടെ പോസ്റ്റിനു താഴെ പ്രതികരിക്കുന്നു.
ചില കമൻ്റുകൾ
'കൊള്ളാം, ഈ വർഷത്തെ സൂര്യഗ്രഹണം പ്രവചിച്ചിരിക്കുന്ന 1970-ലെ ഒരു പത്രം. ഇത് വളരെ കൗതുകമുണർത്തുന്ന കാര്യമാണ്! ചരിത്രം വിസ്മയിപ്പിക്കുന്ന രീതിയിൽ ആവർത്തിക്കുന്നു," എന്ന് ഒരു ഉപയോക്താവ് കുറിച്ചു. ഈ വാർത്ത വായിച്ച ആളുകൾ പറഞ്ഞത് എന്തായിരിക്കും എന്ന് തനിക്ക് ഊഹിക്കാൻ കഴിയുമെന്നും ’ 2024 ആകാൻ ഇനിയും ഒരുപാട് സമയം ഉണ്ടെന്നും അപ്പോഴേക്കും ലോകം അവസാനിക്കുമോ’ എന്നായിരിക്കും എന്നും മറ്റൊരാൾ പറഞ്ഞു.
" വളരെക്കാലം മുൻപ് തന്നെ ആകാശത്ത് നടക്കുന്ന ഇത്തരം പ്രതിഭാസങ്ങളുടെ പ്രവചനങ്ങൾ കാണുന്നത് കൗതുകകരമാണ്. അത് പ്രപഞ്ചത്തിൻ്റെ വിസ്മയിപ്പിക്കുന്ന സ്വഭാവത്തെയും അതിനുള്ളിലെ നമ്മുടെ സ്ഥാനത്തെയും ഓർമ്മിപ്പിക്കുന്നു. ശാസ്ത്രവും ചരിത്രവും ഒരൊറ്റ പത്ര പേജിൽ ഇഴചേർന്നിരിക്കുന്നു," എന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. ചന്ദ്രന്‍, ഭൂമിയോട് സാധാരണയേക്കാള്‍ കൂടുതൽ അടുത്ത് ഭൂമിക്കും സൂര്യനും ഇടയിൽ നേരിട്ട് കടന്നുപോകുമ്പോഴാണ് പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. 2026 ഓഗസ്റ്റ് 12-ന് ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് മറ്റൊരു സൂര്യഗ്രഹണം കാണാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.