വൈദ്യുതി ലോഡ് കൂടിയതിനെ തുടർന്ന് കേരളത്തിൽ ഏപ്രിൽ മാസത്തിൽ കത്തിയത് 255 ട്രാൻസ്ഫോർമറുകൾ. വൈദ്യുതിവകുപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് അധിക ലോഡ് കാരണം ഇത്രയധികം ട്രാൻസ്ഫോർമറുകൾ കത്തുന്നത്. 2023-24 സാമ്പത്തിക വർഷം കേരളത്തിൽ വിവിധ കാരണങ്ങളാൽ കത്തിയത് 1100 ട്രാൻസ്ഫോർമറുകളാണ്. ശരാശരി ഒരുമാസം 85 എണ്ണം.
ട്രാൻസ്‌ഫോർമറുകൾ കത്തിയതോടെ ഏപ്രിലിൽമാത്രം ആറു കോടിരൂപയ്ക്കുമുകളിൽ നഷ്ടം വന്നു. കത്തിയവയ്ക്കുപകരം ട്രാൻസ്ഫോർമർ നൽകാനാകാതെ അന്തംവിട്ട് നിൽക്കുകയാണ് വൈദ്യുതിവകുപ്പ്. ഒരു 100 കെ.വി.എ. ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ 2.50 ലക്ഷത്തിനു മുകളിലാണ് ചെലവ്. ഏ ഒരു 11 കെ.വി. ട്രാൻസ്ഫോർമർ പരിധിയിൽ ശരാശരി 600-700 ഗാർഹിക ഉപയോക്താക്കളുണ്ട്.കഴിഞ്ഞവർഷം ഏപ്രിൽ-മെയ് മാസം പീക്ക് ലോഡ് 5024 മെഗാവാട്ട് ആയിരുന്നു. ഈ ഏപ്രിലിൽ അത് 5500 മെഗാവാട്ടായി. 500 മെഗാവാട്ട് അധികം വന്നു. ട്രാൻസ്ഫോർമറുകൾക്ക് പ്രവർത്തനഭാരം കൂടി.
11 കെ.വി. ലൈനിൽ ആവശ്യമായ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോൾ വോൾട്ടേജ് കുറഞ്ഞു. സെറ്റ് ചെയ്ത ആംപിയർ പരിധിക്കുമുകളിൽ ലോഡ് വന്നപ്പോൾ ട്രാൻസ്ഫോർമറുകൾ ചൂടായി കത്തുകയായിരുന്നു. ഒരു 11 കെ.വി. ഫീഡറിൽ മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് ശേഷി. അതിൽ കൂടുമ്പോഴാണ് തകരാർ സംഭവിക്കുന്നത്. ഇതിനൊപ്പം സബ്‌സ്റ്റേഷനുകളുടെയും പ്രവർത്തനം താത്കാലികമായി നിലച്ചു.