കനത്ത ചൂടിൽ പാലക്കാട് വെന്തുരുകുന്നതിനിടെ ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. 45.4 ഡിഗ്രി സെൽഷ്യസ്






കോട്ടയം: കനത്ത ചൂടിൽ പാലക്കാട് വെന്തുരുകുന്നതിനിടെ ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. 45.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ കാഞ്ഞിരപ്പുഴയിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഓട്ടോമാറ്റിക് വിതർ സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിലും 40 ഡിഗ്രിക്ക് മുകളിലാണ് രാവിലെ 11 മണിക്ക് ശേഷം താപനില അനുഭവപ്പെടുന്നത്. ചൂടിനൊപ്പം വേനൽ മഴ മാറി നിൽക്കുന്നതും പാലക്കാട്ട് ജീവിതം ദുസഹം ആക്കുകയാണ്. ചുട്ടുപഴുത്ത് വെന്തുരുകയാണ് പാലക്കാട് . കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാലക്കാട് ജില്ലയിൽ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. രണ്ടുദിവസം മുൻപ് എരുമയൂരിൽ രേഖപ്പെടുത്തിയ ചൂട് 44.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഈ റെക്കോഡാണ് ഇന്നലെ 45.4 ഡിഗ്രി സെൽഷ്യസ് കാഞ്ഞിരപ്പുഴയിൽ രേഖപ്പെടുത്തിയതോടെ തകർന്നത്. മങ്കരയിൽ ഇന്നലെ 43.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. മലമ്പുഴ ഡാമിൽ 42.1 ആയിരുന്നു ഇന്നലത്തെ ചൂട് . രാവിലെ 11 മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണ് പൊതുവേ അനുഭവപ്പെടുന്നത്. തൊഴിലാളികൾ അടക്കമുള്ളവർ ഇതോടെ വലിയ ശാരീരിക ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.
വേനൽമഴ പെയ്യാത്തതും പാലക്കാടിന്റെ ദുരിതം ഇരട്ടിപ്പിക്കുന്നുണ്ട്. ഏപ്രിൽ മാസത്തിൽ തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയതോടെ മെയ് മാസത്തെ ചൂട് എന്തായിരിക്കും എന്നാണ് പാലക്കാട്ടുകാർ ഇപ്പോൾ പരസ്പരം ചോദിക്കുന്നത്
أحدث أقدم