കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡിൽ. ഇന്ന് (12/04/2024) പവന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവന് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 53,760 രൂപയാണ്. ഇതോടെ ആദ്യമായി 53000 ത്തിന് മുകളിലെത്തി വിപണി നിരക്ക്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6,720 രൂപയായി വിപണ നിരക്ക്.
സംസ്ഥാനത്ത് കഴിഞ്ഞ 6 ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്. ഏപ്രിലിൽ ഇതുവരെ പവന് 2880 രൂപയാണ് കൂടിയത്. സാധാരണനിലയിൽ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വർണവില കുതിക്കാറുള്ളത്. എന്നാൽ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വർണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോൾ. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് ഇതിനു കാരണം.